ജിദ്ദ: പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുമായി മുഖാമുഖം സംഘടിപ്പിച്ചു. ചരിത്രത്തിൽ നിന്നും മതേതരത്വത്തിൽനിന്നും ഇന്ത്യയെ പിഴുതെടുത്തുകൊണ്ട് സവർണ ഹൈന്ദവ രാഷ്ട്ര പ്രഖ്യാപനത്തിലേക്ക് ചുവടുവെക്കുന്ന ഫാഷിസ്റ്റു ഭരണത്തെ അതിജീവിക്കാൻ എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളും ഒന്നിച്ചു നില്കേണ്ടതുണ്ടെന്ന് റസാഖ് പാലേരി പറഞ്ഞു.
മതേതരത്വം, ജനാധിപത്യം, നീതിബോധം തുടങ്ങിയവയുടെ അടിസ്ഥാന തത്വങ്ങൾ പോലും ചോദ്യം ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ വിവേചനം അനുഭവിക്കുന്ന, അസ്തിത്വ ഭീഷണി നേരിടുന്ന വിഭാഗങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ടുപോവുകയാണ് നാം ചെയ്യേണ്ടത്.
ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സ്വത്വപരമാണെങ്കിലും അവയുടെ പരിഹാരങ്ങൾ വിശാലമായ മതേതര ജനാധിപത്യ ഐക്യത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇന്ത്യൻ മതേതരത്വതിന്റെ ബാലൻസ് ഷീറ്റിൽ ബാക്കിയായിട്ടുള്ള 62 ശതമാനം വോട്ടുകൾ ഭിന്നിച്ചുപോവാതെ, അരികുവത്കരിക്കപ്പെടുന്ന എല്ലാ ജനതയുടെയും പ്രാതിനിധ്യമുള്ള ഒരു മുന്നേറ്റം ഇന്ത്യയിലുടനീളം എങ്ങനെ സാധ്യമാവുമെന്ന് ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് സദസ്സുമായി സംവദിക്കവെ ഇന്ത്യയുടെ നിലനിൽപിനായി വരും തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല ഐക്യ മുന്നണി രൂപം കൊള്ളേണ്ടതുണ്ടെന്നും അതിനായി കർണാടകയിലെന്ന പോലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പരസ്പരം വിട്ടുവീഴ്ചകൾ ചെയ്ത് ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിദ്ദ സീസൺസ് റെസ്റ്റോറന്റിൽ നടന്ന മുഖാമുഖത്തിൽ ജിദ്ദയിലെ രാഷ്ട്രീയ, സാംസ്കാരിക, മീഡിയ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമർ പാലോട് അധ്യക്ഷത വഹിച്ചു. കെ.ടി.എ മുനീർ, അബൂബക്കർ അരിമ്പ്ര, കബീർ കൊണ്ടോട്ടി, ദിലീപ് താമരക്കുളം, ഹിഫ്സുറഹ്മാൻ, സാക്കിർ ഹുസൈൻ എടവണ്ണ, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, നാസർ വെളിയങ്കോട്, പി.എം മായിൻ കുട്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.