ജിദ്ദ: ഹജ്ജ് സീസണിലേക്കുള്ള ഗതാഗത, ലോജിസ്റ്റിക് സംവിധാനങ്ങളുടെ ഒരുക്കം പൂർത്തിയായി.17 ലക്ഷം തീർഥാടകരുടെ വരവിനും തിരിച്ചുപോക്കിനും 7700 വിമാന സർവിസുകളും യാത്രക്ക് 24,000 ബസുകളുമാണ് ഒരുക്കിയിരിക്കുന്നത്. തീർഥാടകരെ സേവിക്കുന്നതിനായി ഗതാഗതവും ലോജിസ്റ്റിക്സ് സംവിധാനവും അതിെൻറ പ്രവർത്തന പദ്ധതികൾ നടപ്പാക്കുന്നതിനു വേണ്ട സാങ്കേതികവും പ്രത്യേകവുമായ കേഡറുകളുടെ ഒരുക്കവും തയാറെടുപ്പുകളും ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിൽ ഇതിനകം പൂർത്തിയായിട്ടുണ്ട്.
സൗദിയിലെത്തിയതു മുതൽ തിരിച്ചുപോകുന്നതുവരെ ഗതാഗത, ലോജിസ്റ്റിക് രംഗത്ത് തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ സൗകര്യങ്ങളാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി ഒരുക്കിയിരിക്കുന്നത്.
എയർപോർട്ടുകൾ, വിമാന കമ്പനികൾ തുടങ്ങിയ സേവനദാതാക്കൾ എല്ലാ സുരക്ഷ ഗുണനിലവാര മാനദണ്ഡങ്ങളും പ്രയോഗിക്കുന്നത് ഉറപ്പാക്കുന്നതിനാവശ്യമായ പരിശോധനകൾ തയാറെടുപ്പുകളിൽ ഉൾപ്പെടും. രാജ്യത്തെ ആറു വിമാനത്താവളങ്ങളിലൂടെയാണ് ഇൗ വർഷം വിദേശ രാജ്യങ്ങളിൽനിന്ന് തീർഥാടകർ എത്തുക.
ജിദ്ദ, മദീന, ത്വാഇഫ്, യാംബു, റിയാദ്, ദമ്മാം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ തീർഥാടകരെ സ്വീകരിക്കുന്നതിനും യാത്രാനടപടികൾ എളുപ്പമാക്കുന്നതിനുമുള്ള എല്ലാ ഒരുക്കവും സിവിൽ ഏവിയേഷൻ അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.തീർഥാടകരുടെ കരമാർഗമുള്ള യാത്ര സുഗമമാക്കുന്നതിന് റോഡുകളിൽ സർവേ നടത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ, സൈൻ ബോർഡുകൾ സ്ഥാപിക്കൽ, റോഡ് ഗ്രൗണ്ട് പെയിൻറിങ് തുടങ്ങിയവ ജോലികളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.