യാംബു: സൗദി അറേബ്യയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വലിയ തോതിൽ വർധിച്ചു. ജൂൺ വരെ രേഖപ്പെടുത്തിയ വാർഷിക പണപ്പെരുപ്പം 2.7 ശതമാനമായി ഉയർന്നെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. രാജ്യത്തെ ഉപഭോക്തൃ വില സൂചിക കഴിഞ്ഞ മാസം 2.8 ശതമാനം രേഖപ്പെടുത്തിയിരുന്നു. കെട്ടിട വാടകയാണ് പണപ്പെരുപ്പ വർധനവിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഭവനങ്ങളുടെ യഥാർഥ വാടക 10.8 ശതമാനമാണ് കഴിഞ്ഞ മാസം വർധിച്ചത്. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ് എന്നിവയുടെ വിലയിലുണ്ടായ വർധനയാണ് പണപ്പെരുപ്പത്തിന് കാരണമായത്. ഭക്ഷണപാനീയങ്ങളുടെ വിലയിൽ ഒരു ശതമാനം വർധനയാണ് ജൂൺ മാസം രേഖപ്പെടുത്തിയത്.
2022 ജൂണിനെ അപേക്ഷിച്ച് പണപ്പെരുപ്പത്തിലെ വർധനയിൽ ഏറ്റവും വലിയ സ്വാധീന ഘടകം വീട്ടുവാടകയാണെന്ന് അതോറിറ്റി സൂചിപ്പിച്ചു. മാംസത്തിെൻറയും കോഴിയിറച്ചിയുടെയും വില 2.3 ശതമാനവും പാൽ, പാലുൽപന്നങ്ങൾ, മുട്ട എന്നിവയുടെ വില 7.1 ശതമാനവും വർധിച്ചു.
ഗതാഗത വകുപ്പിലെ 1.6 വർധനക്ക് പുറമേ വാഹനങ്ങൾ വാങ്ങുന്ന വിലയിൽ 1.3 ശതമാനവും വർധന രേഖപ്പെടുത്തി. മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഉപഭോക്തൃ വിലകളിൽ ആപേക്ഷിക സ്ഥിരത കൈവരിച്ചതായും ബന്ധപ്പെട്ടർ ചൂണ്ടിക്കാട്ടി.
റസ്റ്റാറൻറുകളുടെയും ഹോട്ടലുകളുടെയും മേഖലയിലെ പണപ്പെരുപ്പം 4.3 ശതമാനം വർധിച്ചതായി സൂചിപ്പിച്ചു. ഭക്ഷണ സേവനങ്ങളുടെ വില 4.1 ശതമാനമാണ് വർധിച്ചത്. വിദ്യാഭ്യാസ മേഖലയിൽ 3.0 ശതമാനവും വിനോദ സാംസ്കാരിക മേഖലയിൽ 2.6 ശതമാനവും വർധനവാണ് രേഖപ്പെടുത്തിയതെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.