ദോഹ: എട്ടുവർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ബുധനാഴ്ച ഖത്തറിലെത്തുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി വിനയ് ഖത്ര ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തർ സന്ദർശനം പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച യു.എ.ഇയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നാണ് ദോഹയിലേക്ക് പുറപ്പെടുന്നത്. ബുധനാഴ്ച ഖത്തറിലെത്തുന്ന അദ്ദേഹം, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ 18 മാസമായി ഖത്തറിൽ തടവിലായിരുന്ന മുൻ ഇന്ത്യൻ നാവികർ മോചിതരായി രാജ്യത്ത് മടങ്ങിയെത്തിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ദോഹയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയും ഖത്തറും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് അമീറും പ്രധാനമന്ത്രിയും ചർച്ച നടത്തുമെന്നും വിനയ് ഖത്ര പറഞ്ഞു.
നാവികരുടെ മോചനം സാധ്യമാക്കിയതിൽ ഖത്തർ അമീറിനോട് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇവരുടെ മോചനത്തിനായി ശ്രമം നടത്തിയതായും വ്യക്തമാക്കി. ഡിസംബറിൽ ദുബൈയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെ മോദിയും ഖത്തർ അമീറും കൂടിക്കാഴ്ച നടത്തിയിരുന്നു.
2016 ജൂണിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യവും അവസാനവുമായി ഖത്തറിലെത്തിയത്. അന്ന് വിദേശകാര്യ സെക്രട്ടറിയായിരുന്ന നിലവിലെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മുതിർന്ന ഉദ്യോഗസ്ഥരും മോദിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയും, വിവിധ ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചുമായിരുന്നു മടക്കം. 2008ൽ പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ് ദോഹ സന്ദർശിച്ച ശേഷം ഇന്ത്യയിൽനിന്നുള്ള ആദ്യ ഉന്നതതല സന്ദർശനമായിരുന്നു 2016ൽ മോദിയുടേത്.
2015 മാർച്ചിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യ സന്ദർശിച്ചു. ഈ രണ്ട് കൂടിക്കാഴ്ചകൾക്കുമൊടുവിൽ രാഷ്ട്രത്തലവന്മാരുടെ ആദ്യ സന്ദർശനത്തിനാണ് ബുധനാഴ്ച രാജ്യം സാക്ഷിയാവുന്നത്.
2022 ജൂണിൽ ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും, നവംബർ 20ന് ലോകകപ്പ് ഫുട്ബാൾ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഖത്തറിലെത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഉൾപ്പെടെ മന്ത്രിമാർ വിവിധ ഇടവേളകളിലും സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.