രക്ഷിതാക്കളുടെ പ്രതിനിധികൾ ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ അധികൃതരുമായി ചർച്ച നടത്തുന്നു

ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ പ്രശ്‍നങ്ങൾ; രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂൾ അധികൃതരുമായി ചർച്ച നടത്തി

ജിദ്ദ: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂൾ അധികൃതരുമായി ചർച്ച നടത്തി. വേനലവധിക്ക് ശേഷം ഈ മാസം മൂന്നിന് തുറന്നു പ്രവർത്തനമാരംഭിച്ച ആദ്യദിനം തന്നെ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗം കെട്ടിടത്തിലുണ്ടായ വൈദ്യുതി തടസം കാരണം റെഗുലർ ക്ളാസുകൾ അനിശ്ചിത കാലത്തേക്ക് ഓൺലൈനിലേക്ക് മാറ്റാൻ സ്‌കൂൾ അധികൃതർ നിർബന്ധിതരായിരുന്നു.

മൂന്നര മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ ഗേൾസ് സെക്ഷനിലെ വൈദ്യുതി തടസ്സം, കിഡ്‌സ്, ബോയ്‌സ്, ഗേൾസ് എന്നിങ്ങനെ മൂന്ന് സെക്ഷനുകളിലെയും അക്കാദമിക് നിലവാരം, സ്ഥിരം ടീച്ചർ നിയമനം, അധ്യാപകരുടെ വേതനം ഉയർത്തൽ, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങി സ്‌കൂളിൽ നിലവിൽ നേരിടുന്ന ഇരുപതോളം പ്രശ്നങ്ങൾ ആണ് രക്ഷിതാക്കൾ അധികൃതരുടെ മുമ്പിൽ അവതരിപ്പിച്ചത്.

അടിയന്തര പ്രാധാന്യമുള്ള ഗേൾസ് സെക്ഷനിലെ വൈദ്യുതി തടസം, എയർ കണ്ടീഷൻ റിപ്പയർ, മറ്റു അറ്റകുറ്റപണികൾ തുടങ്ങിയവ വരും ദിവസങ്ങളിൽ പണി തീർത്ത് ക്ളാസുകൾ സാധാരണ നിലയിലേക്ക് മാറ്റുമെന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി. മറ്റു പ്രശ്‌നങ്ങളിൽ പലതിലും തീരുമാനം എടുക്കുന്നതിനുള്ള തടസം സ്‌കൂൾ ഹയർ ബോർഡിന്റെ അംഗീകാരം ലഭിക്കുക എന്ന സങ്കീർണമായ കടമ്പയാണെന്ന്‌ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികൾ മറുപടി നൽകിയതായി രക്ഷിതാക്കളുടെ കൂട്ടായ്മ അറിയിച്ചു.

10,000ത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ അഞ്ഞൂറിൽ പരം രക്ഷിതാക്കളുള്ള വാട്സ്അപ്പ് ഗ്രൂപ്പിൽ നിന്നും പ്രതിനിധികളായി സ്ത്രീകൾ അടക്കം പതിനഞ്ചോളം പേരാണ് സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ്, മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ, അഡ്മിൻ മാനേജർ എന്നിവരുമായി ചർച്ച നടത്തിയത്. രക്ഷിതാക്കളുടെ ഒരു സ്ഥിരം സമിതി ഉണ്ടാവുകയും അതിലൂടെ വിദ്യാർഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അതാത് സമയങ്ങളിൽ ചർച്ച നടത്തുകയും സാധ്യമായ പരിഹാരങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്ന നിർദേശം യോഗത്തിൽ തത്വത്തിൽ അംഗീകരിക്കുകയും തീരുമാനത്തിന്റെ ഭാഗമായി ഓരോ മാസവും രക്ഷിതാക്കളുടെ പ്രതിനിധികളും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും തമ്മിലുള്ള സംയുക്ത യോഗം നടത്താമെന്നും തീരുമാനിച്ചതായി രക്ഷിതാക്കളുടെ കൂട്ടായ്മ അറിയിച്ചു.

Tags:    
News Summary - Problems at Jeddah International Indian School; The parents association held discussions with the school authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.