മദീന: പ്രവാചകന്റെ ഖബറിടം സന്ദർശിക്കാൻ വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് മദീന മുനവ്വറയിൽ സുഗമ വഴിയൊരുക്കി അധികൃതർ. ‘സമാധാന പാത’ എന്ന ശീർഷകത്തിൽ സന്ദർശകർക്ക് ആറു മിനിറ്റിൽ ഖബർ സന്ദർശനം പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് ഇരുഹറം കാര്യാലയം പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രവാചകന്റെ ഖബറിടത്തിൽ സമാധാനത്തിന്റെ പാത അനിഭവിച്ചറിയൂ എന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത്.
ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായ ഇസ്ലാമിക കേന്ദ്രങ്ങളിൽ ഒന്നാണ് പ്രവാചകന്റെ പള്ളി എന്ന പേരിലറിയപ്പെടുന്ന മസ്ജിദുന്നബവി. മസ്ജിദുന്നബവിക്ക് പുറത്തുള്ള പ്രവാചകന്റെയും അദ്ദേഹത്തിന്റെ ഉറ്റ മിത്രങ്ങളും ഖലീഫമാരുമായ അബൂബക്കർ സിദ്ദീഖ്, ഉമറുൽ ഫാറൂഖ് എന്നിവരുടെയും ഖബറിടങ്ങൾ സന്ദർശിക്കാനും മസ്ജിദുന്നബവിയിലെ ‘റൗദ’യിൽ പ്രാർഥന നടത്താനും ലോകമെമ്പാടുമുള്ള മുസ്ലിംകൾ മദീനയിലെത്തുന്നു. ഈ സാഹചര്യത്തിൽ, സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നതിനും ഈ വിശുദ്ധ സ്ഥലത്ത് അവരുടെ ആത്മീയാനുഭവം മെച്ചപ്പെടുത്തുന്നതിനും അധികൃതർ വിവിധ പദ്ധതികൾ ഊർജിതമാക്കുകയാണ്.
സന്ദർശകർക്ക് സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള വിവിധ പരിഷ്കരണങ്ങളും നടപടിക്രമങ്ങളുമാണ് അധികൃതർ പൂർത്തിയാക്കിവരുന്നത്. നിർദിഷ്ട റൂട്ടുകളിലൂടെയും മുൻകൂട്ടി നിശ്ചയിച്ച സന്ദർശന സമയങ്ങളിലൂടെയും സന്ദർശകരെ നയിക്കുന്നതിലൂടെ, തിരക്കില്ലാതെ സന്ദർശകരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ റൂട്ട് ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്തിട്ടുണ്ട്. എല്ലാവർക്കും സന്ദർശനം നടത്താനുള്ള അവസരം ഉറപ്പുവരുത്തുന്നതിനും ആൾക്കൂട്ടത്തിന്റെ തിരക്ക് നിയന്ത്രിക്കാനും പ്രത്യേക സന്നദ്ധപ്രവർത്തകരെ കൂടി നിയോഗിച്ചിട്ടുണ്ട്. സന്ദർശകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും പ്രദേശത്ത് സേവനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.