ജിദ്ദ: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ പ്രധാന മലമ്പ്രദേശ പട്ടണമായ ത്വാഇഫിൽ ബസുൾപ്പെടെ പൊതുഗതാഗത സംവിധാനം വരുന്നു. അടുത്ത വർഷം ജനുവരിയിൽ ബസ് സർവിസുകൾക്ക് തുടക്കം കുറിക്കും.
ത്വാഇഫ് മുനിസിപ്പാലിറ്റിക്ക് കീഴിൽ ഇതിനായുള്ള ഒരുക്കം പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ജോലികളാണ് നടക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒരു വർഷത്തിനിടയിൽ പൊതുഗതാഗത ബസ് സർവിസിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് മുനിസിപ്പാലിറ്റി പദ്ധതിക്കായി സ്ഥാപിച്ച ബോർഡിൽ സൂചിപ്പിച്ചിരുന്നു.
പൊതുഗതാഗത ബസ് സർവിസ് ആരംഭിക്കുന്നതോടെ ത്വാഇഫിലെ ഗതാഗതം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. കുറെ കാലത്തിനുശേഷമാണ് പൊതുഗതാഗത ബസുകൾ നിരത്തിലിറങ്ങുന്നത്. ത്വാഇഫിന്റെ മധ്യഭാഗത്ത് അൽഅബ്ബാസ് പള്ളിക്ക് സമീപമാണ് പ്രധാന സ്റ്റേഷൻ ഒരുക്കുന്നത്.
വിവിധ സ്ഥലങ്ങളിൽ യാത്രക്കാർക്ക് കാത്തുനിൽപ് കാബിനുകളും സ്റ്റോപ്പുകളും ഉടൻ സ്ഥാപിക്കും. 293 കിലോമീറ്റർ ദൈർഘ്യമുള്ള ഒമ്പത് ട്രാക്കുകൾ പദ്ധതിയിലുൾപ്പെടുന്നു. 182 സ്റ്റോപ്പുകൾ സ്ഥാപിക്കും. 116 ഡ്രൈവർമാരാണ് ബസുകൾ ഓടിക്കാനുണ്ടാവുക. 58 ബസുകൾ സർവിസ് നടത്തും. ഇതിനാവശ്യമായ ബസുകൾ വൈകാതെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.