ജിദ്ദ: ഞായറാഴ്ച രാത്രി മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം റാബിഖിൽ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മലപ്പുറം പുകയൂർ സ്വദേശി അബ്ദുൽ റഊഫ് കൊളക്കാടനാണ് (37) മരിച്ചത്.
ഇദ്ദേഹം എട്ട് വർഷത്തോളമായി ശറഫിയയിലെ മൗലവി ജനറൽ സർവിസിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞീതു മുസ്‌ലിയാർ, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ. മൂന്ന് മക്കളുണ്ട്.
അപകടത്തിൽ മലപ്പുറം തുവ്വൂർ സ്വദേശി ആലക്കാടൻ റിഷാദ് അലി നേരത്തെ മരിച്ചിരുന്നു. പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ ഫർസീന ചേരുംകുഴിയിൽ, വട്ടിപ്പറമ്പത്ത് റംലത്ത് എന്നിവർ ജിദ്ദ നോർത്ത് അബ്ഹൂർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലും മുഹമ്മദ് ബിൻസ് റാബിഖ് ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
റാബിഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിഷാദ് അലിയുടെ മൂന്നര വയസ്സായ മകൾ അയ്മിൻ റോഹ, റിൻസില എന്നിവർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഞായറാഴ്ച രാത്രി 7.30 ഓടെ റാബിഖിൽ അപകടത്തിൽ പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.