ജിദ്ദ: ജനാധിപത്യ, മതേതരത്വ ഇന്ത്യയിൽ മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങളും പിന്നാക്ക സമുദായങ്ങളും ഇന്നോളം അനുഭവിക്കാത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും മുമ്പൊന്നുമില്ലാത്തവിധം അക്രമവും പീഡനവുമാണ് ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് റഫീഖ് പാറക്കൽ അഭിപ്രായപ്പെട്ടു.
ജിദ്ദ തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും തലമുറക്ക് പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബാലപാഠങ്ങൾ പകർന്നുനൽകേണ്ട അധ്യാപികമാർ പോലും നിഷ്കളങ്കരായ കുരുന്നുകളിൽ വരെ മതവിദ്വേഷത്തിന്റെ വിത്തുകൾ പാകിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്നും അവിടെയാണ് ദേശീയതലത്തിൽ രൂപംകൊള്ളുന്ന ‘ഇൻഡ്യ’ എന്ന വിശാല മുന്നണി നമുക്ക് വലിയ പ്രതീക്ഷ നൽകുന്നതെന്നും അദ്ദേഹം
പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ എത്തിനിൽക്കുന്ന ഈ സമയത്ത് മതേതര വോട്ടുകൾ ഭിന്നിച്ചുപോകാതെ മതേതര ചേരിയെ ശക്തിപ്പെടുത്താൻ എല്ലാവരും മുന്നോട്ടുവരണമെന്നും അത് ഓരോരുത്തരുടെയും സാമൂഹികവും രാഷ്ട്രീയവും മതപരവുമായ ബാധ്യത കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സി പ്രസിഡൻറ് റഫീഖ് പന്താരങ്ങാടി അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി. മുസ്തഫ, ഇസ്ഹാഖ് പൂണ്ടോളി, മലപ്പുറം ജില്ല ആക്ടിങ് പ്രസിഡൻറ് സീതി കൊളക്കാടൻ, അബ്ദുസ്സമദ് പൊറ്റയിൽ, കെ.കെ. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി പ്രതിനിധികളായ റാഫി തെന്നല, ഇബ്രാഹീം കുട്ടി ചെറുമുക്ക്, ടി.പി. സുഹൈൽ, തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സി പ്രതിനിധികളായ അബ്ദുസ്സമദ് വരമ്പനാലുങ്ങൽ, ഡോ. ശുഹൈബ്, ഷഫീക്ക് വടക്കേത്തല, കെ.എം. ഗഫൂർ, സാലിഹ് കൊളക്കാടൻ, സജാദ് പൂങ്ങാടൻ, കുഞ്ഞുമുഹമ്മദ് പൂങ്ങാടൻ, അബ്ദുല്ല പൂങ്ങാടൻ, കെ.ടി. മുസ്തഫ, സാദിഖ് തിരൂരങ്ങാടി, നിസാർ ചെറുമുക്ക്, എ.ടി. ഇസ്മായിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. റഊഫ് തിരൂരങ്ങാടി സ്വാഗതവും പി.എം.എ. ബാവ നന്ദിയും പറഞ്ഞു. താപ്പി മുഹിയുദ്ദീൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.