റിയാദ്: വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതും കാത്ത് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും അമ്മാവനും സൗദി അറേബ്യയിലെത്തി.
ബുധനാഴ്ച രാവിലെ 10ഓടെയാണ് മാതാവ് ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും റിയാദിലെത്തിയത്. റിയാദ് അൽ ഹൈർ ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ അവർ ശ്രമം നടത്തും. ശേഷം മക്കയിൽ പോയി ഉംറയും മദീനയിൽ സിയാറത്തും നിർവഹിച്ച് നാട്ടിലേക്ക് മടങ്ങും.
അതേ സമയം റഹീമിന്റെ മോചന ഹരജി പരിഗണിക്കുന്നതിനുള്ള റിയാദ് ക്രിമിനൽ കോടതിയിലെ സിറ്റിങ് നവംബർ 17ന് നടക്കും. നേരത്തെ കോടതി അറിയിച്ച തീയതി നവംബർ 21 ആയിരുന്നു. എന്നാൽ, പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് 17 ലേക്ക് മാറ്റിയത്. നിലവിൽ അനുവദിച്ച തീയതിക്കുമുമ്പ് തന്നെ കേസ് പരിഗണിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
തീയതി കുറച്ചുകൂടി നേരത്തെയാക്കാൻ കോടതി വഴി അഭിഭാഷകനും വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയും ശ്രമം തുടരുന്നുണ്ട്. ഒക്ടോബർ 21ന് കോടതിയിൽ സിറ്റിങ്ങുണ്ടായിരുന്നെങ്കിലും ആ ബെഞ്ച് ഒരു തീരുമാനവുമെടുക്കാതെ ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചിന് മോചന ഹരജി കൈമാറിയത്.
നിർദിഷ്ട ബെഞ്ചിൽ കേസിന്റെ എല്ലാ രേഖകളും എത്തിയിട്ടുണ്ട്. ഈ സിറ്റിങ്ങിൽ ഈ കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
ഇന്ത്യൻ എംബസി റഹീമിന്റെ യാത്രാരേഖകൾ തയാറാക്കിയിട്ടുണ്ട്. മോചന ഉത്തരവുണ്ടായാൽ മറ്റു കേസുകളൊന്നുമില്ലാത്തതിനാൽ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.