അൽഖോബാർ: സൗദിയിലുടനീളം നടന്ന വിവിധ മയക്കുമരുന്ന് റെയ്ഡുകളിൽ അധികൃതർ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഹഷീഷ്, ആംഫെറ്റാമൈൻ, മയക്കുമരുന്ന് ഗുളികകൾ എന്നിവ വിൽക്കാൻ ശ്രമിച്ചതിന് അൽഖസീം പ്രവിശ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഓഫിസർ ഒരാളെ അറസ്റ്റ് ചെയ്തു. ആംഫെറ്റാമൈനും ഖാത്തും വിൽക്കാൻ ശ്രമിച്ചതിന് രണ്ടുപേരെ ജീസാനിലെ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്ന് വൻതുകയും കണ്ടെത്തിയിട്ടുണ്ട്.
ജീസാൻ മേഖലയിലെ അൽഅർദ സെക്ടറിൽ ബോർഡർ ഗാർഡ് ലാൻഡ് പട്രോളിങ് സംഘം 475 കിലോഗ്രാം ഖാത്ത് കടത്താനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്തി. അസീർ മേഖലയിൽ 39.6 കിലോ ഹഷീഷ് വിൽക്കാൻ ശ്രമിച്ചതിനും തോക്കുകളും വെടിക്കോപ്പുകളും കൈവശംവെച്ചതിനും രണ്ടുപേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ അധികാരികൾക്ക് കൈമാറുകയും അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. സംശയാസ്പദ കള്ളക്കടത്തോ മറ്റ് ലംഘനങ്ങളോ ശ്രദ്ധയിൽപെട്ടാൽ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ രാജ്യത്തിനകത്ത് നിന്ന് 1910 എന്ന നമ്പറിലോ വിദേശത്ത് നിന്ന് +966114208417എന്ന നമ്പറിലോ ബന്ധപ്പെടാൻ പൊതുജനത്തോട് അധികൃതർ ആവശ്യപ്പെട്ടു. കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം ലഭിക്കും.
റിയാദ്: മയക്കുമരുന്ന് കേസുകളിൽ സൗദി അറേബ്യയിലെ ജയിലുകളിൽ മലയാളികളടക്കം 350ഓളം ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. മയക്കുമരുന്നിനെതിരെ ആഭ്യന്തരമന്ത്രാലയം കാമ്പയിൻ ശക്തമാക്കി പരിശോധന തുടരുന്നതിനിടെയാണ് ഇത്രയധികം ഇന്ത്യക്കാർ കേസുകളിലകപ്പെട്ട് ജയിലുകളിൽ കഴിയുന്നത്. മദ്യം, തംബാക്ക്, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ്, ഖാത്ത് തുടങ്ങിയവയുടെ കടത്തും വില്പനയുമാണ് ഇവരിൽ ചുമത്തിയ കുറ്റം.
റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ റിയാദ് ഉൾപ്പെടെയുള്ള മധ്യപ്രവിശ്യയിലെയും ദമ്മാം ഉൾപ്പടെയുള്ള കിഴക്കൻ പ്രവിശ്യയിലെയും ജയിലുകളിൽ 225 ഇന്ത്യക്കാരാണ് മയക്കുമരുന്ന് കേസിൽ കഴിയുന്നത്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിെൻറ പരിധിയിൽ നൂറോളം ഇന്ത്യക്കാരും ജയിലിലുണ്ട്. മയക്കുമരുന്ന് കടത്തിന് വധശിക്ഷയാണ് നിയമം. 2013നുശേഷം ഇതാദ്യമായി ഒരു ഇന്ത്യക്കാരൻ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. യു.എ.ഇയിൽനിന്ന് ബഹ്റൈനിലേക്ക് ചരക്ക് കൊണ്ടുപോകുകയായിരുന്ന ട്രെയിലറിൽ മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ ഡ്രൈവർ പഞ്ചാബ് സ്വദേശി അൽഹസ്സ ജയിലിലാണ് വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത്. യു.എ.ഇയിൽനിന്ന് വരുന്ന നിരവധി ട്രെയിലർ ഡ്രൈവർമാർ അടക്കം 65ഓളം പേര് മയക്കുമരുന്ന് കേസിൽ അൽഹസ്സ ജയിലിൽ കഴിയുന്നുണ്ട്. ഇവരിൽ 30 വർഷം വരെ തടവുശിക്ഷ ലഭിച്ചവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.