യാംബു: സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇന്ന് വൈകീട്ട് മുതൽ ബുധൻ വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴ പ്രതീക്ഷിക്കുന്നതായി നാഷനൽ സെന്റർ ഓഫ് മെറ്റിരിയോളജി (എൻ.സി.എം) പ്രവചിച്ചു. തബൂക്ക് മേഖലയിലെ അൽ വജ്ഹ്, ദിബ, ഹഖ്‌ൽ, നിയോം, ശർമ, ഉംലജ്, തൈമ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും അൽ ജൗഫ് മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മദീന പ്രവിശ്യയിലും നല്ല മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി. മക്ക, ജിദ്ദ, റാബഖ്, ഹാഇൽ, ത്വാഇഫ്, അൽ ജുമൂം,അൽ കാമിൽ, ഖുലൈസ്,അൽലൈത് പ്രദേശങ്ങളിലും കനത്ത മഴയുടെ സാധ്യത കേന്ദ്രം വ്യക്തമാക്കി.
അൽ ഖസീം, ഹഫർ അൽബാതിൻ, കിഴക്കൻ മേഖല, ഖുൻഫുദ,അൽ അർദിയാത്ത്, അസീർ, ജീസാൻ, അൽബഹ എന്നീ പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന പ്രവചനവും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. റിയാദ് മേഖലയുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളായ അഫീഫ്, അൽ ദവാദ്മി, അൽ മജ്മ, അൽ സുൽഫി തുടങ്ങിയ പ്രദേശങ്ങളിലും കാറ്റിനൊപ്പം മഴ പ്രതീക്ഷിക്കുന്നു.
താഴ്വാരങ്ങളിലും തോടുകൾക്കരികിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത കൈക്കൊള്ളണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പാലിക്കാനും കൂടുതൽ ശ്രദ്ധ പുലർത്താനും സിവിൽ ഡിഫെൻസ് അതോറിറ്റിയും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.