ജിദ്ദ: പടിഞ്ഞാറൻ മേഖലയിൽ ജിദ്ദ, മക്ക എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച സാമാന്യം നല്ല മഴ പെയ്തു. ഉച്ചയോടെയാണ് പടിഞ്ഞാറൻ മേഖലയുടെ ചില ഭാഗങ്ങളിൽ മഴ ആരംഭിച്ചത്. രാവിലെ മുതൽ ആകാശം മേഘാവൃതമായിരുന്നു. ചില പ്രദേശങ്ങളിൽ മഴ ശക്തമായതോടെ താഴ്ന്ന റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടാവുകയും ഗതാഗത തടസ്സമുണ്ടാവുകയും ചെയ്തു. ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു.
ജിദ്ദയിലെ ഉമ്മു സലമിൽ 66 മില്ലിമീറ്ററും ഹയ്യ് അമീർ ഫവാസിൽ 52 മില്ലിമീറ്ററും മഴ പെയ്തതായി മക്ക മേഖല ഗവർണറേറ്റ് വ്യക്തമാക്കി. ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴയുണ്ടായത് പഴയ മക്ക റോഡിലെ ഉമ്മു സലം ഏരിയയിലാണെന്നും ജിദ്ദ മേഖലയുടെ വിവിധ ഭാഗങ്ങളിൽ മഴയുടെ അളവിൽ വ്യത്യാസമുണ്ടെന്നും ചില മേഖലകളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വക്താവ് ഹസൻ കഹ്താനി പറഞ്ഞു. ജിദ്ദ, മക്ക മേഖലകളിൽ ബുധനാഴ്ച വൈകീട്ട് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
പ്രദേശത്ത് റെഡ് അലർട്ടും പുറപ്പെടുവിച്ചിരുന്നു. മഴക്കെടുതികൾ നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലുകളെടുത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി നൽകിയിരുന്നു. ചില സ്ഥാപനങ്ങൾ ജീവനക്കാർക്ക് അവധിയും നൽകിയിരുന്നു. അതേസമയം രാജ്യത്തിന്റെ കിഴക്കൻ, റിയാദ് പ്രവിശ്യകളിൽ ഇന്ന് (വ്യാഴം) കാറ്റിനും ആലിപ്പഴ വർഷത്തോടെയുള്ള മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ ഇന്ന് ഉച്ചക്ക് ഒരു മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രത പുലർത്തണമെന്നും അപകടങ്ങൾക്കെതിരെ മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.