യാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും കാറ്റും തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ചവരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്നും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും നാഷനൽ സെന്റർ ഫോർ മീറ്റിയറോളജി (എൻ.സി.എം) അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ആലിപ്പഴവർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. മഴയും കാറ്റും കാരണം കാഴ്ചയുടെ ദൂരപരിധി കുറയുമെന്നും റോഡുകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
ശനിയാഴ്ചവരെ ഇടത്തരവും കനത്തതുമായ തോതിൽ മഴപെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചും കേന്ദ്രം റിപ്പോർട്ടിൽ സൂചിപ്പിച്ചു. മക്ക, ത്വാഇഫ്, അൽജുമൂം, അൽകാമിൽ, ഖുലൈസ്, അസീർ, ജീസാൻ എന്നീ പ്രദേശങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. മദീന, യാംബു, മഹ്ദ്, അൽഹനാകിയ, ഖൈബർ, അൽഐസ്, ബദർ, ഹഫർ അൽബാത്വിൻ, ഖഫ്ജി, വടക്കൻ അതിർത്തി പ്രവിശ്യ, അറാർ, റഫ്ഹ, ത്വാഇഫ്, അൽജുമൂം, അൽകാമിൽ, ഖുലൈസ്, ഹാഇൽ, അൽഖസീം മേഖലയിലെ വിവിധ പ്രദേശങ്ങൾ, തബൂക്, അൽജൗഫ്, ജിദ്ദ, റാബിഖ്, ഉംലജ്, സകാക്ക, തൈമ, അൽഖുറിയാത്ത് തുടങ്ങി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നേരിയതോതിൽ മഴപെയ്യുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
റിയാദിന്റെയും കിഴക്കൻ പ്രവിശ്യയിലെയും മിക്ക ഭാഗങ്ങളിലും ജുബൈൽ, ദമ്മാം, അൽഖോബാർ പ്രദേശങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ കാറ്റിനൊപ്പം ഇടിമിന്നലും മഴയും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാകേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.