യാംബു: വിദേശ രാജ്യങ്ങളിലെ യുദ്ധക്കെടുതികൾ പേറുന്നതും നിരാലംബരുമായ ആയിരങ്ങൾക്ക് റമദാനിൽ ഭക്ഷണക്കിറ്റുകൾ എത്തിച്ച് സൗദി അറേബ്യയുടെ ജീവകാരുണ്യ സംഘടനയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്). ഗസ്സ, സുഡാൻ, ബെനിൻ, മോറിത്താനിയ എന്നീ രാജ്യങ്ങളിലെ 20,000ത്തിലധികം ആളുകൾക്കാണ് റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. സുഡാനിലെ വൈറ്റ് നൈൽ സ്റ്റേറ്റിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളിലെ 13,970 ആളുകൾക്ക് 1,400 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു.
യുദ്ധത്തിൽ തകർന്നതും പ്രതിസന്ധിയിൽപെട്ടതുമായ രാജ്യങ്ങളിലെ ആളുകൾക്കുള്ള കെ.എസ്. റിലീഫ് സെൻററിന്റെ രണ്ടാംഘട്ട സഹായ പദ്ധതിയാണ് ഇപ്പോൾ വിതരണം ചെയ്തത്. ഇസ്രായേൽ ആക്രമണങ്ങളിൽ ജീവിതം ദുസ്സഹമായ ഗസ്സയിലെ ഫലസ്തീനികൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. റെഡ് ക്രസൻറുമായി ഏകോപിപ്പിച്ചാണ് ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്കുള്ള സഹായങ്ങൾ തുടരുന്നത്.
റമദാനിൽ 500 ഭക്ഷണകൊട്ടകൾ വിതരണം ചെയ്തതിൽനിന്ന് റഫയിലെ 3,500ഓളം കുടിയിറക്കപ്പെട്ട ആളുകൾക്ക് പ്രയോജനം ലഭിച്ചു. മോറിത്താനിയയിലെ ദുരിതത്തിലായ 48,000ത്തിലധികം ആളുകൾക്ക് 7,772 ഭക്ഷണകൊട്ടകൾ കൈമാറി.
റമദാൻ റിലീഫ് പദ്ധതിയുടെ ഭാഗമായി 6,072 ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന 1,012 പ്രത്യേക ഭക്ഷണക്കിറ്റുകളും വിതരണം ചെയ്തു. ബെനിനിലെ 2,400 ദുർബലരായ ആളുകൾക്കായി സൗദി ദുരിതാശ്വാസ ഏജൻസി 400 റമദാൻ ഭക്ഷണ പാക്കേജുകളും നൽകിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.