ജിദ്ദ: മരുഭൂമിയിലും ഉപ്പ് വിളയുന്ന പാടങ്ങളുണ്ട്. അവിടങ്ങളിൽ പകലിലെരിഞ്ഞ് പണിയെടുക്കുന്നവരുടെ കണ്ണീരുപ്പ് വറ്റാത്ത കദന കഥകളുമുണ്ട്. വെള്ളം വറ്റിച്ച് ഉപ്പ് കുറുക്കാനും സംസ്കരിച്ച് പാക്കറ്റിലാക്കി വിപണിയിലെത്തിക്കാനും തൊഴിലെടുക്കുന്ന പലദേശക്കാർ അവിെട കൂരകൾ വച്ച് പ്രവാസം നയിക്കുന്നു. റമദാൻ കാലത്തും കഷ്ടതകളുടെ ഉപ്പുരസമാണ് അവരുടെ ജീവിതത്തിന്.
ജിദ്ദയുടെ വർണക്കാഴ്ചകൾ വിട്ട് 50 കിലോമീറ്റർ സഞ്ചരിച്ചാൽ അൽസേഫ് കുംറക്കടുത്തുള്ള ഗുആസൈൻ ഉപ്പ് പാടങ്ങളിലെത്തിച്ചേരാം. നിറയെ വെള്ള പുതച്ച ഉപ്പ് പാടങ്ങൾ. കൊടും വെയിലിൽ വെള്ളം നീരാവിയാകുന്നതിന് കാവൽ നിൽക്കുന്ന ഒരു പറ്റം ജീവിതങ്ങൾ. അറബ് നാടുകളിൽ കണ്ടു പരിചയമില്ലാത്ത കാഴ്ചകളാണിവിടെ. നൂറുകണക്കിന് പേരാണ് കൊച്ചുകുടിലുകൾ കെട്ടി പകലന്തിയോളം ഇവിടെ ഉപ്പ് ശേഖരിക്കുന്നതിലും സംസ്കരിക്കുന്നതിലും മുഴുകിയിരിക്കുന്നത്. വർണമുള്ള കാഴ്ചകൾ അവർക്കന്യമാണ്.
ഏതൊരു പ്രവാസിയെയും പോലെ കുടുംബത്തിെൻറ സ്വപ്നങ്ങൾക്ക് നിറം പ്രകരാൻ പ്രവാസം സ്വീകരിച്ചവരാണിവർ. ഒറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശങ്ങളിൽ തുച്ഛ വേദനത്തിന് ജീവിക്കുന്നവർ. ഭക്ഷണവും പ്രാഥമികകാര്യങ്ങളും വരെ ഏറെ പ്രയാസത്തിലാണ്. കഠിന ചൂടിലും തണുപ്പിലും ജീവിതത്തിന് ഒറ്റ നിറം മാത്രം. റമദാനായാൽ സുമനസുകൾ ഭക്ഷണം എത്തിക്കും. അക്കാലത്ത് മാത്രമാണ് അവരുടെ മുഖം തെളിയുന്നത്. വയർ നിവരുന്നത്. ജീവിതത്തിന് മേൽ സന്തോഷത്തിെൻറ ഇളംവെയിൽ വീഴുന്നത്. റമദാൻ അങ്ങനെ അവർക്കുമേൽ മന്നയും സൽവയുമായി പെയ്തിറങ്ങും. അതോടെ താൽക്കാലികമായെങ്കിലും അവരുടെ കഷ്ടപാടുകൾ മാറിനിൽക്കും.
യൂത്ത് ഇന്ത്യക്ക് കീഴിൽ ഇന്ത്യൻ എംബസി സ്കൂൾ പൂർവ വിദ്യാർഥികളും വിവിധ സുമനസ്സുകളും ചേർന്നാണ് ഇവർക്ക് ഇഫ്താർ വിരുന്നൊരുക്കുന്നത്. വീടുകളിൽ തയ്യാറാക്കിയതും വിവിധ മനുഷ്യസ്നേഹികൾ സ്വരൂപിച്ച് നൽകുന്നതുമായ വിഭവങ്ങൾ ഇവരുടെ ഇഫ്താറുകൾക്ക് നിറം നൽകുന്നു.
ശക്തമായ ചൂടിലും വ്രതമെടുത്താണ് ഇവർ ജോലി ചെയ്യുന്നതാണ്. വൈകീട്ടാവുന്നതോടെ വരണ്ട ചങ്കും ഒട്ടിയ വയറുമായി സുമനസ്സുകളെ കാത്തിരിക്കും. സൂര്യാസ്തമയത്തോടെ എടുക്കുമ്പോൾ മരുഭൂമിയുടെ ഒരറ്റത്ത് വാഹനങ്ങൾ പ്രത്യക്ഷപ്പെടുന്നതും നോക്കിയാണ് അവരുടെ ഇരിപ്പ്. വാഹനം എത്തുമ്പോൾ അവർ ചുറ്റും കൂടും. വെള്ളവും ജ്യൂസും കാരക്കയും ബിരിയാണിയും അടങ്ങുന്ന പാക്കറ്റുകളാണ് വരുന്നവർ വിതരണം ചെയ്യുന്നത്. ഭക്ഷണ പാക്കറ്റുകൾ ഏറ്റുവാങ്ങുമ്പോൾ അവരുടെ പുഞ്ചിരി ഏതൊരു മനുഷ്യസ്നേഹിയുടെയും ഉള്ളകം നിറയ്ക്കുന്നതാണ്. പ്രാർഥനയുടെ മാസത്തിൽ മരുഭൂമിയും നന്മയണിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.