റിയാദ്: രണ്ടു പതിറ്റാണ്ടിലധികമായി റിയാദ്, റൗദയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അൽ മദ്റസത്തുൽ ഇസ്ലാമിയ വാർഷികാഘോഷവും വാർഷിക പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ദുർറ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ഖുർആൻ സ്റ്റഡി സെന്റർ കേരള മുൻ കോഓഡിനേറ്റർ അബ്ദുൽകാദർ ആക്കോട് മുഖ്യാതിഥിയായിരുന്നു.
കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പംതന്നെ മത, ധാർമിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. മാതാപിതാക്കളുടെ നിയന്ത്രണത്തിലും ധാർമിക മൂല്യങ്ങളിലും വളരുന്ന കുട്ടികൾ ഏതു പ്രതിസന്ധികളും അതിജയിക്കാനുള്ള കരുത്തു നേടുമ്പോൾ അമിത സ്വാതന്ത്ര്യം അവരെ വഷളാക്കുകയും പാതിവഴിയിൽ മക്കളെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നുവെന്ന് ഉദാഹരണസഹിതം അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി.
മജ്ലിസ് തഅലീമുൽ ഇസ്ലാമി കേരള നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹംദാൻ അബൂബക്കർ, നിഹ സകരിയ, വലീദ് റഷീദ് എന്നിവർ മുഖ്യാതിഥിയിൽനിന്നും മെഡലുകൾ ഏറ്റുവാങ്ങി. ഒന്നു മുതൽ ആറു വരെ ക്ലാസുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് തനിമ സെൻട്രൽ പ്രൊവിൻസ് മദ്റസ രക്ഷാധികാരി താജുദ്ദീൻ ഓമശ്ശേരി, സദറുദ്ദീൻ കിഴിശ്ശേരി, ഫാൽക്കൺ കമ്പനി മാനേജർ ഉസ്മാൻ തുടങ്ങിയവർ സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു. കുട്ടികളുടെ വെൽക്കം ഡാൻസ്, ഖവാലി, ഒപ്പന, മൈമിങ്, ടാബ്ലോ, മോണോ ആക്ട്, മാപ്പിളപ്പാട്ടുകൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി.
പൂർവ വിദ്യാർഥികളുടെ വികാരനിർഭരമായ അനുഭവസാക്ഷ്യം സദസ്സിന് ഏറെ പ്രചോദനം നൽകി. റഷീദ് അലി കൊയിലാണ്ടി, സജാദ് സലിം, നിസാർ, ഇസ്ഹാഖ്, ഹനീഫ്, സയ്യിദ് അലി പാലക്കൽ, അൻവർ, കെ.സി.എം. അസ്ലം, ശബീബ അബൂബക്കർ, നൈസി സജാദ്, റഷീഖ, ബുഷ്റ അബ്ദുറഹ്മാൻ, സിയാദ് സാലിം, സുഹൈർ, മുഹ്സിന ഗഫൂർ, റിയാസ് മോൻ, ഇ.വി അബ്ദുൽമജീദ് എന്നിവർ നേതൃത്വം നൽകി. മദ്റസ പ്രിൻസിപ്പൽ സിദ്ദിഖ് ജമാൽ സ്വാഗതവും പി.ടി.എ പ്രസിഡന്റ് റൈജു അബ്ദുൽ മുത്തലിബ് നന്ദിയും പറഞ്ഞു. മദ്റസ വിദ്യാർഥികളായ അഹിയാൻ, ഫൈഹ എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.