രവി ഡി.സി റിയാദ്​ പുസ്​തക മേളയിൽ

വായിച്ചും കേട്ടും അറിഞ്ഞ സൗദി അറേബ്യയല്ല കണ്ടും അനുഭവിച്ചും അറിയാൻ കഴിഞ്ഞത്​ -രവി ഡി.സി.

റിയാദ്: വായിച്ചും കേട്ടും അറിഞ്ഞ സൗദി അറേബ്യയല്ല കണ്ടും അനുഭവിച്ചും അറിയാൻ കഴിഞ്ഞതെന്ന്​ മലയാള പ്രസാധക രംഗത്തെ രവി ഡി.സി. സൗദി തലസ്ഥാന നഗരത്തിൽ ഒക്​ടോബർ ഒന്നിന്​ ആരംഭിച്ച അന്താരാഷ്​ട്ര പുസ്തകമേളയിൽ സാംസ്​കാരിക മന്ത്രാലയത്ത​െൻറ അതിഥിയായി എത്തിയ അദ്ദേഹം മേള നടക്കുന്ന എയർപോർട്ട്​ റോഡിലെ റിയാദ്​ ഫ്രൻറ്​ ഹാളിൽ വെച്ച്​ 'ഗൾഫ്​ മാധ്യമ'ത്തോട്​ സംസാരിക്കുകായിരുന്നു.

ഭയാനകമായ കഥകളാണ് സൗദിയെ കുറിച്ച് കേട്ടതും വായിച്ചതും. എന്നാൽ ഇവിടെ എത്തിയപ്പോൾ അതൊക്കെ കഥകൾ മാത്രമാണെന്ന്​ മനസിലായി. ഊഷ്​മള ആതിഥേയത്വമാണ്​ വരവേറ്റത്​. സ്വദേശികളുടെ പെരുമാറ്റ രീതിയും സൗദിയെ കുറിച്ചുള്ള മുൻവിധികളെ അടിമുടി തിരുത്തുന്നതായിരുന്നു. വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതും ഇനി ശരിയായിരുന്നെങ്കിൽ ഇപ്പോൾ സൗദി അടിമുടി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർപോർട്ട് കവാടം മുതൽ മേള നഗരി വരെയുള്ള അനുഭവം അതാണ് സൂചിപ്പിക്കുന്നത്.

സ്ത്രീകൾക്ക് വലിയ തോതിൽ നിയന്ത്രണങ്ങളും വിലക്കുകളുമുള്ളള്ള രാജ്യമാണ് സൗദി അറേബ്യ എന്നായിരുന്നു ധാരണ. അങ്ങനെയാണ് വായിച്ചറിഞ്ഞിരുന്നതും. എന്നാൽ വന്നിറങ്ങിയപ്പോൾ തന്നെ സ്മാർട്ടായി ജോലി ചെയ്യുന്ന സ്ത്രീകളെയാണ് എല്ലായിടത്തും കാണുന്നത്. അവർ സ്മാർട്ടായി വാഹനം ഓടിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന ശുഭകരമായ കാഴ്ചയാണ് ചുറ്റിലുമുള്ളത്.

പുസ്തകമേളയുടെ സംഘാടകരിൽ തന്നെ കാര്യങ്ങൾ ​ഏകോപിക്കുന്നതിൽ വലിയൊരു വിഭാഗം സ്ത്രീകളാണ്. പ്രഫഷനലായാണ് അവരത് കൈകാര്യം ചെയ്യുന്നത്. സൗദിയിൽ സ്ത്രീകൾക്ക് ഹിജാബും പർദ്ദയുമില്ലാതെ പുറത്തിറങ്ങാൻ കഴിയില്ല എന്ന ധാരണ ഇപ്പോഴും പലർക്കുമുണ്ട്. സാധാരണ രീതിയിൽ മാന്യമായി വസ്ത്രം ധരിച്ചവരെയാണ് ഞാൻ കണ്ടത്. അതിൽ ഹിജാബും പർദ്ദയും ധരിച്ചവരും അല്ലാത്തവരുമുണ്ട്. ഈ സന്ദർശനം സൗദിയെ കുറിച്ച് മനസിലുണ്ടായിരുന്ന ചിത്രം അടിമുടി മാറ്റി. ഇനി കണ്ടറിഞ്ഞ വിശാലമായ സൗദിയെ കുറിച്ചാണ് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

11 ലക്ഷത്തിലേറെ മലയാളികൾ സൗദിയിൽ ഉണ്ടെന്നാണ് അറിഞ്ഞത്. നല്ല എഴുത്തുകാരും അതിലേറെ വായനക്കാരും സൗദിയിലുണ്ട്. രണ്ട് ദിവസത്തിനകം തന്നെ നിരവധി വായന പ്രേമികൾ സ്​റ്റാൾ സന്ദർശിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി. ബുക്സിന് നിലവിൽ സ്​റ്റാൾ ഇല്ല. എന്നാൽ അതിവേഗം ശാഖകൾ ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ട്. ഇത്തവണ അതിഥിയായെത്തിയത് കൊണ്ട് തന്നെ സ്ഥാപനത്തെ പരിചയപ്പെടുത്തലും പുസ്തക പ്രദർശനവും മാത്രമാണ് ലക്ഷ്യം. അടുത്ത പുസ്തകമേളയിൽ കൂടുതൽ പുസ്തകങ്ങളും അതിഥികളായി പ്രശസ്ത എഴുത്തുകാരെയും കൊണ്ടുവരുന്ന കാര്യവും പരിഗണയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിർഭയത്വത്തോടെ എഴുതാനുള്ള സാഹചര്യം കുറഞ്ഞുവരികയാണെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. നിലവാരമുള്ള എഴുത്ത് നിർഭയത്വത്തോടെ പ്രസിദ്ധീകരിക്കാൻ ഡി.സി ബുക്സിന് ആർജ്ജവമുണ്ട്​ -അദ്ദേഹം പറഞ്ഞുനിറുത്തി.

സൗദിയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ പുസ്തകമേളയാണ് റിയാദ് ഫ്രണ്ട് പ്രദർശന ഹാളിൽ നടക്കുന്നത്. വിദ്യാർഥികളും അധ്യാപകരും വായനക്കാരും ഉൾപ്പടെ ആയിരങ്ങളാണ് ദിനേന പവലിയനിലെത്തുന്നത്. ഈ മാസം 11ന്​ അവസാനിക്കുന്ന മേളയിൽ രാവിലെ 10 മുതൽ വൈകീട്ട് 11 വരെയാണ് സന്ദർശകർക്ക് അവസരം. മുൻകൂട്ടി രജിസ്​റ്റർ ചെയ്ത് 'തവക്കൽനാ' ആപ്പിൽ ഇമ്യൂൺ സ്​റ്റാറ്റസ് ഉള്ളവർക്കാണ് പ്രവേശനാനുമതി.

Tags:    
News Summary - ravi dc at Riyadh International Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.