യാംബു: തൊഴിൽ പ്രതിസന്ധിയിലും നിയമക്കുരുക്കിലുംപ്പെട്ട് നാട്ടിൽ പോകാൻ കഴിയാത്ത മലയാളി യുവാവിന് സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിൽ ഒടുവിൽ നാടണയാനായി. മലപ്പുറം കാരാട് സ്വദേശിയായ ഇല്ലത്ത് റാഫിയാണ് ആറുവർഷത്തിനു ശേഷം യാംബുവിലെ സാമൂഹ്യപ്രവർത്തകനും ഐ.സി.എഫ് യാംബു സെൻട്രൽ വെൽഫെയർ കമ്മിറ്റിയുടെ പ്രസിഡന്റുമായ മുഹമ്മദലി കുറുക്കോളിന്റെ ഇടപെടലിൽ നാട്ടിലെത്താനായത്. വർഷങ്ങൾക്കു മുമ്പ് ബൂഫിയയിൽ ജീവനക്കാരനായി പ്രവാസം തുടങ്ങിയ റാഫിയുടെ സ്പോൺസർ സ്ഥാപനം ഒഴിവാക്കിയതോടെയാണ് പ്രതിസന്ധിയിൽ അകപ്പെടുന്നത്. യാംബുവിലും മക്കയിലുമായി ബൂഫിയയിലും മറ്റും ചില്ലറ ജോലി ചെയ്തു വരുകയായിരുന്ന റാഫിയെ സ്പോൺസർ 'ഹുറൂബ്' കൂടി ആക്കിയതോടെ താമസരേഖ മാറ്റുവാനോ നിയമ പ്രകാരം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാനോ കഴിയാതെ വന്നു. റാഫി അകപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ ജിദ്ദയിലും മറ്റുമുള്ള പല സാമൂഹ്യ പ്രവർത്തകർ ഇടപെട്ടെങ്കിലും പരിഹാരമില്ലാതെ വർഷങ്ങൾ നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് നാലുമാസങ്ങൾക്കു മുമ്പ് മുഹമ്മദലിയുടെ ശ്രദ്ധയിൽ റാഫി അകപ്പെട്ട പ്രശ്നമെത്തിയത്. വ്യക്തിപരമായി ബന്ധമുള്ള യാംബുവിലെ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി മുഹമ്മദലി, റാഫിയുടെ പ്രശ്നം ചർച്ച ചെയ്തതോടെയാണ് പരിഹാരമാർഗം തെളിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകരം യാംബു 'തർഹീൽ' വഴി റാഫിയെ നാട്ടിലേക്കയക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയായിരിന്നു.
കുറച്ചുദിവസങ്ങൾക്ക് മുമ്പുതന്നെ നാട്ടിലേക്കു പോകാൻ നടപടികൾ പൂർത്തിയാക്കിയ റാഫിയെ തർഹീലിൽനിന്ന് പൊലീസ് വിമാനനത്താവളത്തിലെത്തിച്ചെങ്കിലും സമയം വൈകിയതിനാൽ അന്ന് ബോർഡിങ് പാസ് എടുക്കാൻ കഴിയാതെ വീണ്ടും തർഹീലിലേക്ക് തന്നെ മടങ്ങേണ്ടിവന്നു. മുഹമ്മദലിയുടെ ഇടപെടലിൽ പിന്നീട് വെള്ളിയാഴ്ചക്ക് വിമാനടിക്കറ്റ് മാറ്റിയെടുക്കുകയും പൊലീസ് അതിനുവേണ്ട നടപടികൾ പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) യാംബു സെൻട്രൽ കമ്മിറ്റിയാണ് റാഫിക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് എടുത്തുകൊടുത്തത്. ഐ.സി.എഫ് യാംബു സെൻട്രൽ കമ്മിറ്റിയുടെ ദഅവ വകുപ്പ് പ്രസിഡന്റ് ഫിറോസ് മിസ്ബാഹി, ഐ.സി.എഫ് യാംബു സെൻട്രൽ കമ്മിറ്റിയുടെ വെൽഫെയർ വിഭാഗം പ്രസിഡന്റ് മുഹമ്മദലി കുറുക്കോളിന് പ്രത്യേക ചടങ്ങിൽ വിമാനടിക്കറ്റ് കൈമാറി. വർഷങ്ങളുടെ ദുരിതപൂർണമായ പ്രവാസത്തിനിടയിൽ വിവിധ രീതിയിൽ സഹായങ്ങൾ നൽകിയ സുമനസ്സുകളായ സന്നദ്ധ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് റാഫി വെള്ളിയാഴ്ച വൈകുന്നേരം നാട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.