റിയാദ്: യമൻ പുനർനിർമാണ പദ്ധതിയുടെ ഭാഗമായി വടക്കൻ യമനിലെ പൗരാണിക നഗരമായ ഷാബ്വയിലെ നിസാബ് ജില്ലയിൽ നിർമിക്കുന്ന പുതിയ സ്കൂളിന് സൗദി അറേബ്യ അടിത്തറയിട്ടു. സൗദി ഡെവലപ്മെന്റ് ആൻഡ് റീ കൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യമൻ (എസ്.ഡി.ആർ.പി.വൈ) എന്ന പദ്ധതിയുടെ ഭാഗമായി ഷാബ്വ ഗവർണറേറ്റ് പരിധിയിലെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളോടും കൂടിയ 12 ക്ലാസ് മുറികളുള്ള സ്കൂളാണ് ഇവിടെ നിർമിക്കുന്നത്.52ഓളം വികസന സംരംഭങ്ങളിലൂടെ യമനിലെ വിദ്യാഭ്യാസ മേഖലയെ ഉടച്ചുവാർക്കുകയാണ് എസ്.ഡി.ആർ.പി.വൈ ലക്ഷ്യം. ഇതിൽ രാജ്യത്ത് പ്രതിഭാധനരായ കുട്ടികൾക്കായി 23 സ്കൂളുകളും കേന്ദ്രങ്ങളും സ്ഥാപിക്കുന്നത് ഉൾപ്പെടും.
സയന്റിഫിക് ലബോറട്ടറികൾ, കമ്പ്യൂട്ടർ ലബോറട്ടറികൾ, സ്പോർട്സ് ഫീൽഡുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ സ്കൂളുകളിലുണ്ട്.
എസ്.ഡി.ആർ.പി.വൈ പദ്ധതികളിൽ സർവകലാശാലകളുടെ കെട്ടിടവും നവീകരണവും, വിദ്യാഭ്യാസ സൗകര്യങ്ങൾക്കുള്ള പഠനോപകരണങ്ങൾ നൽകൽ, പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യൽ, സ്കൂളുകളിലേക്കും സർവകലാശാലകളിലേക്കും സുരക്ഷിതമായ ഗതാഗത സേവനങ്ങൾ ഒരുക്കൽ എന്നിവയും ഉൾപ്പെടുന്നു.യമനിലെ നൂറുകണക്കിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉത്തേജകവും സംയോജിതവുമായ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് എസ്.ഡി.ആർ.പി.വൈ ലക്ഷ്യംവെക്കുന്നത്. പ്രോജക്ടുകൾ വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളെ പിന്തുണക്കുകയും അവർക്ക് സൃഷ്ടിപരമായ അവസരങ്ങൾ നൽകുകയും ചെയ്യുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം, ഊർജം, ജലം എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളെ ലക്ഷ്യമിടുന്ന നൂറുകണക്കിന് വികസന പദ്ധതികളും പരിപാടികളും എസ്.ഡി.ആർ.പി.വൈ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.