ജുബൈൽ: സൗദിയിൽ വിദേശ നിക്ഷേപ ലൈസൻസുകൾ അനുവദിച്ചതിൽ റെക്കോഡ് വർധന. 2020 നാലാം പാദത്തിൽ 466 വിദേശ നിക്ഷേപ ലൈസൻസുകൾ അനുവദിച്ചതായി സൗദി അറേബ്യയിലെ നിക്ഷേപ മന്ത്രാലയം (എം.ഐ.എസ്.എ) അറിയിച്ചു. മുൻ പാദത്തെ അപേക്ഷിച്ച് 52 ശതമാനം വർധനയും 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 60 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2020ലെ കോവിഡ് പ്രത്യാഘാതങ്ങൾക്കിടയിൽ സൗദി സമ്പദ്വ്യവസ്ഥ അതിെൻറ പ്രതിരോധം നിലനിർത്തുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും ചെയ്തു. വർഷത്തിെൻറ രണ്ടാം പകുതിയിൽ വളർച്ച ക്രമേണ വർധിക്കാൻ തുടങ്ങി. ഡിസംബറിൽ മാത്രം 189 ലൈസൻസുകൾ വിതരണം ചെയ്തു. 2020ലെ നാലാം പാദത്തിൽ സൗദി നിക്ഷേപത്തിലെ സംഭവവികാസങ്ങളെയും പരിഷ്കാരങ്ങളെയും സംബന്ധിച്ച് എം.ഐ.എസ്.എ പുറത്തിറക്കിയ വിൻറർ 2021 ഇൻവെസ്റ്റ്മെൻറ് ഹൈലൈറ്റ്സ് റിപ്പോർട്ടിലാണ് പുതിയ വിവരങ്ങളുള്ളത്.
സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും ലോക്ഡൗണിൽ ഇളവ് വരുത്തുന്നതിനും രാജ്യം തീരുമാനിച്ചതോടെ ജൂണിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) വർധനയുണ്ടായി. 2020ൽ ആകെ 1278 പുതിയ വിദേശ കമ്പനികൾ ലൈസൻസ് കരസ്ഥമാക്കി. വ്യവസായിക, ഉൽപാദനം, ലോജിസ്റ്റിക്സ്, റീട്ടെയിൽ, ഇ-കോമേഴ്സ്, ഐ.സി.ടി എന്നിവയാണ് 2020ലെ നാലാം പാദത്തിൽ എഫ്.ഡി.ഐയെ ആകർഷിച്ച പ്രമുഖ വ്യവസായങ്ങൾ.
പൊതു നിക്ഷേപ ഫണ്ട്, വലിയ കമ്പനികളുടെ നിക്ഷേപ പദ്ധതി, സാമ്പത്തിക വളർച്ചക്കും സുസ്ഥിരതക്കും സഹായകമായ മറ്റു പദ്ധതികൾ എന്നിങ്ങനെ നിരവധി സംരംഭങ്ങളും പദ്ധതികളും സൗദി ആരംഭിച്ചു. എണ്ണയിതര മേഖലകളുടെ വളർച്ചക്ക് ആക്കംകൂട്ടുന്നുണ്ടെന്നും ഡിജിറ്റൈസേഷൻ, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് തുടങ്ങിയ വിഷൻ 2030 പോളിസികൾ ക്രിയാത്മകവും സ്പഷ്ടവുമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഈ ത്രൈമാസ ഫലങ്ങൾ സൂചിപ്പിക്കുന്നു. ദീർഘകാല സൗദി നിക്ഷേപകർക്ക് അമേരിക്ക, ഇംഗ്ലണ്ട്, ഈജിപ്ത്, ഇന്ത്യ, എന്നീ രാജ്യങ്ങളുടെ ആഗോള വിപണി വൈവിധ്യമാർന്ന മേഖലകളെ പ്രതിനിധാനം ചെയ്യുന്നു.
2030ഓടെ യഥാക്രമം 12 ശതമാനവും 13 ശതമാനവും വളർച്ചനിരക്ക് കൈവരിക്കുമെന്നാണ് പ്രതീക്ഷ. ഇ-കോമേഴ്സ്, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ നിക്ഷേപത്തിനുള്ള അവസരങ്ങൾ സൗദി ഉപഭോക്താക്കളിൽ വർധിച്ചുവരുന്നുണ്ട്. ട്രാക്ഷൻ നേടുന്ന മറ്റു ഡിജിറ്റൽ വ്യവസായങ്ങളിൽ ക്ലൗഡ് കമ്പ്യൂട്ടിങ് ഉൾപ്പെടുന്നു. ആഭ്യന്തര ക്ലൗഡ് സേവന നിക്ഷേപം സുഗമമാക്കുന്നതിന് ആഗോള ഭീമന്മാരായ അലിബാബ ക്ലൗഡും ഗൂഗ്ൾ ക്ലൗഡും അടുത്തിടെ സൗദി കമ്പനികളായ എസ്.ടി.സി ഗ്രൂപ്, അരാംകോ എന്നിവയുമായി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.