ജിദ്ദ: ചെങ്കടൽ അന്താരാഷ്ട്ര വിമാനത്താവള നിർമാണപ്രവൃത്തികൾ 80 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. നിലവിൽ പ്രധാന സ്റ്റേഷന്റെ കോൺക്രീറ്റ്, സ്റ്റീൽ ഘടനകളുടെ നിർമാണം, സുപ്രധാന മെക്കാനിക്കൽ സംവിധാനങ്ങൾ എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ വിമാനത്താവളത്തിന്റെ അംഗീകൃത രൂപരേഖ പ്രകാരമുള്ള മേൽക്കൂരയുടെ പണികൾ അവസാനഘട്ടത്തിലാണ്. ചെങ്കടൽ വികസനപദ്ധതിക്ക് കീഴിലാണ് പണികൾ നടക്കുന്നത്.
ഇതിനിടെ കഴിഞ്ഞവർഷം റിയാദിൽനിന്ന് ആദ്യ ആഭ്യന്തര വിമാന സർവിസ് ആരംഭിച്ചിരുന്നു. സൗദി എയർലൈൻസാണ് ഇരുദിശയിലേക്കും സർവിസുകൾ നടത്തുന്നത്. ഈ വർഷം അന്താരാഷ്ട്ര വിമാന സർവിസിന് തുടക്കമാവും. ലോകോത്തര ‘ഏവിയേഷൻ ഹബ്ബായി’ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം മാറുമെന്ന പ്രതീക്ഷയിലാണ്. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ ലക്ഷ്യങ്ങളിൽ വ്യോമയാന മേഖലയുടെ വികസനം പൂർത്തിയാക്കാൻ രാജ്യത്തെ സിവിൽ ഏവിയേഷൻ മേഖലയുടെ ബൃഹത്തായ പദ്ധതികളുടെ ഭാഗമാണിത്.
ടൂറിസം മേഖലയുടെ വികസനത്തിനും വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം വർധിപ്പിക്കാനും സന്ദർശകരെ ആകർഷിക്കാനും രാജ്യത്തെ വിവിധ പദ്ധതികൾ സഹായകമാകുന്നു. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിദേശ സന്ദർശകരുടെ പ്രവേശനം സുഗമമാക്കാനും അതുവഴി വിവിധ മേഖലകളിൽ വമ്പിച്ച പുരോഗതി കൈവരിക്കാനും ഇത് ലക്ഷ്യംവെക്കുന്നു. ചെങ്കടൽ പദ്ധതി പൂർത്തിയാകുമ്പോൾ 8,000 ഹോട്ടൽ മുറികൾ ഉൾക്കൊള്ളുന്ന 50 റിസോർട്ടുകൾ തയാറാവും.
മൊത്തം 22 ദ്വീപുകളിലും ആറ് ഉൾനാടൻ കേന്ദ്രങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം റെസിഡൻഷ്യൽ യൂനിറ്റുകൾ, ആഡംബര മറീനകൾ, ഗോൾഫ് കോഴ്സുകൾ, റസ്റ്റാറൻറുകൾ എന്നിവക്ക് പുറമെ വിവിധ കഫേകളും വിനോദ ഉല്ലാസകേന്ദ്രങ്ങളും കൂടി ഒരുങ്ങുന്നതോടെ സഞ്ചാരികളുടെ വർധിച്ച ഒഴുക്കായിരിക്കും ഇങ്ങോട്ടുണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.