മക്ക: റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് ‘ഉപഗ്രഹങ്ങളെ’ ഉപയോഗപ്പെടുത്തി മക്ക മുനിസിപ്പാലിറ്റി. ഡിജിറ്റൽ സാങ്കേതികവിദ്യയും ഉപഗ്രഹങ്ങളും അടിസ്ഥാനമാക്കി റോഡുകളും നടപ്പാതകളും പരിപാലിക്കുന്നതിനുള്ള നൂതന സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. മക്കയിലെ റോഡ് ശൃംഖലയുടെ അറ്റകുറ്റപ്പണികളും വികസനവും പൂർണമായും ഉപഗ്രഹ നിയന്ത്രിത സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.
ഏറ്റവും പ്രധാനമായി റോഡിലെ അപാകതകൾ നേരത്തേ കണ്ടെത്തുന്നതിനും പ്രതിവിധി കണ്ടെത്തുന്നതിനും റോഡിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്തുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു. റോഡ് തകരാറുകൾ പരിഹരിക്കുന്നതിന് ഡിജിറ്റൽ പരിഹാരങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇത് അവലംബിക്കുന്നത്.
റോഡ് ശൃംഖലയുടെ മികച്ച പ്രകടനം നിലനിർത്തുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണികൾ, പുനരുദ്ധാരണം എന്നിവക്ക് പുറമെ റോഡുകളുടെയും നടപ്പാതകളുടെയും അവസ്ഥയെക്കുറിച്ച് ഓരോ ഓപറേഷൻ കഴിയുമ്പോഴും കൃത്യവും സമഗ്രവുമായ റിപ്പോർട്ടുകൾ നൽകാനും ഇതിലൂടെ സാധിക്കും.
ജി.പി.എസ് ഉപഗ്രഹങ്ങൾ വഴിയുള്ള ലേസർ സ്കാനർ വഴി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. റോഡിന്റെ ഉപരിതലം കൃത്യമായി കാണിക്കുന്നതിന് ഇത് വാഹനത്തിൽ ഘടിപ്പിച്ചിരിക്കും. വിവരശേഖരണ പ്രക്രിയയിൽ ട്രാഫിക് തടസ്സപ്പെടാതിരിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.
ഓട്ടോമാറ്റിക്കായി ജി.പി.എസ് ഉപയോഗിച്ച് ത്രീഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്ക്രാപ്പിങ് ജോലികൾ നടത്തുന്നത്. ഡ്രൈവറുടെ ഇടപെടലില്ലാതെ, ഉയർന്ന കൃത്യതയോടെ സ്ക്രാപ്പിങ് നടത്താൻ ഇതിന് കഴിയും. അറ്റകുറ്റപ്പണികൾ ഏറ്റവും കൃത്യതയോടെ ചെയ്യാനും ഇത് സഹായിക്കുന്നുവെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.