ജിദ്ദ: വിവിധ കേസുകളിൽ പെട്ട് ജയിലിലായ തടവുകാരിൽ നിന്നും മോചിതരാവുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രക്രിയ തുടരുന്നതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. ഇങ്ങനെ മോചിതരായവരുടെ 500 പേരടങ്ങുന്ന ആദ്യ ബാച്ച് ഇക്കഴിഞ്ഞ മേയിൽ ഹൈദരാബാദിലേക്ക് യാത്രയായിരുന്നു. ഇവരെ കയറ്റി അയക്കുന്നതിൽ ഇന്ത്യയിലെയും സൗദിയിലെയും വിവിധ ഏജൻസികൾ സഹായങ്ങൾ നൽകുകയുണ്ടായി.
കോവിഡ് സംബന്ധിച്ച മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത്. ജയിൽ മോചിതരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കുന്നതിനായി വിമാന ടിക്കറ്റും നാട്ടിലെത്തിയാൽ ക്വാറൻറീൻ നടപടികൾക്കുമായി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഇന്ത്യൻ വിദേശകാര്യ വകുപ്പും പദ്ധതികൾ നടപ്പാക്കിവരികയാണ്.
രണ്ടാം ബാച്ചിലെ ആദ്യ വിമാനം റിയാദിൽ നിന്നും ചെന്നൈയിലേക്ക് ഈ മാസം 24ന് പുറപ്പെടും. റിയാദിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള അടുത്ത വിമാന ഷെഡ്യൂളുകൾ ഉടനെ പ്രഖ്യാപിക്കുമെന്നും എംബസി, കോൺസുലേറ്റ് അധികൃതർ സൗദി ജയിൽ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.