റിയാദ്: ബെയ്‌ജിങ്ങിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയെ തുടർന്ന് നയതന്ത്ര ദൗത്യം പുനഃരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സൗദി സാങ്കേതിക സംഘം തെഹ്‌റാനിലെത്തി. 2016-ൽ ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം സൗദി പ്രതിനിധി സംഘത്തിെൻറ തെഹ്റാനിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. നാസർ ബിൻ അവാദ് അൽ-ഗനൂമിെൻറ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘം തെഹ്‌റാനിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഇറാൻ വിദേശകാര്യ മന്ത്രാലയം അംബാസഡറും ചീഫ് ഓഫ് പ്രോട്ടോക്കോളുമായ മെഹ്ദി ഹോണർഡോസ്റ്റുമായി കൂടിക്കാഴ്ച നടത്തി.
സൗദി അറേബ്യ, ഇറാൻ, ചൈന എന്നിവയുൾപ്പെട്ട മാർച്ച് 10-ലെ സംയുക്ത ത്രികക്ഷി ഉടമ്പടി നടപ്പാക്കുന്നതിലും സൗദി, ചൈനീസ് വിദേശകാര്യ മന്ത്രിമാരായ അമീർ ഫൈസൽ ബിൻ ഫർഹാനും ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും തമ്മിലുള്ള ചർച്ചയിൽ ഇരുപക്ഷവും അംഗീകരിച്ച കാര്യങ്ങളിലുമായിരുന്നു പ്രധാനമായും ചർച്ച ചെയ്തതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കൂടിക്കാഴ്ചയിൽ, സൗദി സംഘത്തിെൻറ തെഹ്റാനിലേക്കുള്ള വരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുഗമമാക്കിയതിന് സൗദി സംഘത്തലവൻ അംബാസഡർ മെഹ്ദി ഹോണർഡോസ്റ്റിനെ നന്ദി അറിയിച്ചു. സൗദി ടീമിെൻറ നയതന്ത്ര ദൗത്യം സുഗമമാക്കുന്നതിന് എല്ലാ സൗകര്യങ്ങളും പിന്തുണയും നൽകാനുള്ള തെൻറ രാജ്യത്തിെൻറ സന്നദ്ധത ഹോണർഡോസ്റ്റ് പ്രകടിപ്പിച്ചു.
സൗദി അറേബ്യ തെഹ്റാനിൽ എംബസിയും മശ്ഹദിൽ കോൺസുലേറ്റും തുറക്കും. ഇറാെൻറ എംബസി റിയാദിലും കോൺസുലേറ്റ് ജിദ്ദയിലുമാണ് പ്രവർത്തനം തുടങ്ങുകയെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച ചർച്ചകളും നടന്നു. ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാനങ്ങൾ പുനഃരാരംഭിക്കുക, പൊതു-സ്വകാര്യ മേഖലാ പ്രതിനിധികളുടെ ഉഭയകക്ഷി സന്ദർശനങ്ങൾ സാധ്യമാക്കുക, വിസകൾ സുഗമമാക്കുക എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരു രാജ്യങ്ങളുടെയും സാങ്കേതിക ടീമുകൾ ഏകോപിച്ച് നടപ്പാക്കാൻ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.