ജിദ്ദ: വിവിധ നിയമലംഘനങ്ങൾക്കുള്ള മുനിസിപ്പാലിറ്റിയുടെ പുതുക്കിയ പിഴ പ്രാബല്യത്തിൽ. മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയം പരിഷ്കരിച്ച പിഴനിരക്ക് ചുമത്തുന്ന നടപടി ഞായറാഴ്ച മുതൽ ആരംഭിച്ചു.വാണിജ്യ പ്രവർത്തനങ്ങളുടെ ലംഘനങ്ങൾ, പൊതുസ്വത്തിനും പൊതുശുചിത്വത്തിനും വരുത്തുന്ന കേടുപാടുകൾ, ആരോഗ്യസ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ, പരസ്യം, പരസ്യ ബോർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ, വിൽപനയുമായി ബന്ധപ്പെട്ട മുനിസിപ്പൽ ഫീസ് നൽകാതിരിക്കൽ, ഗ്യാസ് സ്റ്റേഷനുകളുടെയും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെയും നിയമലംഘനങ്ങൾ, വിൽപന ലംഘനങ്ങൾ, കെട്ടിടങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ എന്നിവക്കുള്ള പിഴനിരക്കുകളാണ് പരിഷ്കരിച്ചത്.
ഇത്തരത്തിൽ 151 ഗുരുതരമായ ലംഘനങ്ങളുടെയും 200 നിസ്സാര ലംഘനങ്ങളുടെയും പിഴകളാണ് പരിഷ്കരിച്ച പട്ടികയിലുള്ളത്. മുനിസിപ്പാലിറ്റികളെയും ബലദിയകളെയും തരംതിരിച്ചാണ് പിഴ പട്ടിക തയാറാക്കിയിരിക്കുന്നത്. തരംതിരിവിനനുസരിച്ച് പിഴയുടെ ശതമാനത്തിൽ ഏറ്റക്കുറച്ചിലുണ്ടാകും. റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, ജിദ്ദ എന്നിവ ഗ്രേറ്റ് മുനിസിപ്പാലിറ്റിയായാണ് കണക്കാക്കുന്നത്. ഖസിം, ഹാഇൽ, അൽജൗഫ്, ത്വാഇഫ്, അസീർ, തബൂക്ക്, അൽബാഹ, അൽഅഹ്സ, ജിസാൻ, നജ്റാൻ, വടക്കൻ അതിർത്തി, ഹഫർ അൽബാതിൻ എന്നീ മുനിസിപ്പാലിറ്റികൾ രണ്ടാം കാറ്റഗറിയിലാണ്.
മൂന്നാമത്തെ ക്ലാസ് എ വിഭാഗത്തിലാണ് അൽഖർജ്, യാംബു, ഖത്വീഫ്, ഖമീസ് മുശൈത്, ഉനൈസ എന്നീ ബലദിയകൾ. നാലാമത്തെ കാറ്റഗറി ബിയിൽ 20 ബലദിയകളും അഞ്ചാമത്തെ കാറ്റഗറി സി, ഡി, ഇ എന്നിവയിൽ 238 ബലദിയകളും ഉൾപ്പെടുന്നു.
പുതുക്കിയ പട്ടിക അനുസരിച്ച് മുനിസിപ്പാലിറ്റി പരിശോധനക്കിടെ സ്ഥാപനങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. അവർക്ക് മുന്നറിയിപ്പില്ലാതെ 10,000 റിയാൽ പിഴയുണ്ടാകും. നിയമലംഘനത്തെ തുടർന്ന് അടച്ച സ്ഥാപനത്തിലെ ‘അടപ്പിച്ചു’ എന്ന സ്റ്റിക്കർ നീക്കം ചെയ്യുന്നതും അധികാരികളുടെ സമ്മതമില്ലാതെ സ്ഥാപനം തുറക്കുകയോ, അകത്തേക്ക് പ്രവേശിക്കുകയോ ചെയ്യുന്നതും ഗുരുതര നിയമലംഘനമാണ്. ഇതിന് മുന്നറിയിപ്പില്ലാതെ 40,000 റിയാലാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.