റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച 'റിഫ മെഗാകപ്പ് സീസൺ രണ്ടിൽ' റോയൽ ഫോക്കസ് ലൈൻ ജേതാക്കൾ. മുന്നൂറിലധികം കളിക്കാർ അണിനിരന്ന 32 ടീമുകളിൽനിന്ന് കാലാശപ്പോരിൽ എതിരാളിയായത് യൂത്ത് ഇന്ത്യ സോക്കർ. എന്നാൽ ചാമ്പ്യന്മാരുടെ പ്രകടനം കാഴ്ചവെച്ച റോയൽ ഫോക്കസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യൂത്ത് ഇന്ത്യ സോക്കറെ തോൽപിച്ച് 'തൻമിയ റിഫാ മെഗാകപ്പി'ൽ മുത്തമിടുകയായിരുന്നു. ആദ്യ റൗണ്ടുകളിൽ നല്ല പ്രകടനം കാഴ്ചവെച്ച യൂത്ത് ഇന്ത്യക്ക് ഫൈനലിൽ പരിക്കുകൾ വിഘ്‌നമായി. സുലൈ എഫ്.സിയെ ക്വാർട്ടറിലും ബ്ലാസ്റ്റേഴ്‌സ് വാഴക്കാടിനെ സെമിയിലും പരാജയപ്പെടുത്തിയാണ് റോയൽ ഫോക്കസ് ലൈൻ ഫൈനലിൽ പ്രവേശിച്ചത്. അറേബ്യൻ ചാലഞ്ചേഴ്‌സിനെയും അസീസിയ്യ സോക്കറിനെയും മറികടന്നാണ് യൂത്ത് ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഫൈനൽ റൗണ്ട് മത്സരങ്ങൾ കാണാൻ വാരാന്ത്യത്തിലെ അവധിദിനത്തിൽ റിയാദ് അൽഖർജ് റോഡിലെ ഇസ്കാൻ ഗ്രൗണ്ടിൽ ധാരാളം പേർ എത്തിയിരുന്നു.
മൂന്നര പതിറ്റാണ്ട് പിന്നിട്ട പ്രവാസി ഫുട്ബാൾ ചരിത്രത്തിന് പുതിയൊരധ്യായം തുന്നിച്ചേർത്താണ് റിഫാ മെഗാകപ്പ് സമാപിച്ചത്. കളിക്കമ്പം നെഞ്ചിലേറ്റിയ ഫുട്ബാൾ പ്രേമികൾ കൈയ്യടിച്ചും പ്രോത്സാഹനം നൽകിയും പുലരുവോളം ഉറക്കമിളച്ചു. ക്വാർട്ടർ മത്സരങ്ങളടക്കം ഏഴ് കളികളാണ് വെള്ളിയാഴ്ച നടന്നത്. സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ റഫറി വിങ് അംഗങ്ങളായ അലി ഖഹ്ത്വാനി, മുഹമ്മദ് സഅദ് എന്നിവർ ഫൈനലിലെ മുഖ്യാതിഥികളായിരുന്നു. സമാപന ചടങ്ങിൽ ഇരുവരും കളിക്കാരെ പരിചയപ്പെട്ടു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, റിഫാ ഭാരവാഹികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, അബ്ദുൽ കരീം പയ്യനാട്, ഷക്കീൽ തിരൂർക്കാട് എന്നിവർക്കൊപ്പം മറ്റ് ഭാരവാഹികളും മുഖ്യപ്രായോജകരും മാധ്യമപ്രവർത്തകരും അവരെ അനുഗമിച്ചു.
മുഖ്യാതിഥി അലി ഖഹ്ത്വാനി, തൻമിയ പ്രതിനിധി മുസ്തഫ കവ്വായി എന്നിവരിൽ നിന്ന് റോയൽ ഫോക്കസ് ലൈൻ കാപ്റ്റനും ടീമംഗങ്ങളും ചേർന്ന് 'തൻമിയ റിഫാ മെഗാ കപ്പ്' വിന്നേഴ്‌സ് ട്രോഫി ഏറ്റുവാങ്ങി. ടൂർണമെന്റിലുടനീളം മികച്ച കളി പുറത്തെടുത്ത ടീമിന്റെ ആനന്ദ ലബ്ധിയിൽ ഹർഷാരവങ്ങൾ മുഴക്കി കാണികളും പങ്കുചേർന്നു. ഫോക്കസ് ലൈനിലെ സനോജ് ഫൈനലിലെ കിങ് ഓഫ് ദി മാച്ച് പുരസ്‌കാരം ശിഹാബ് കൊട്ടുകാടിൽനിന്നും ഏറ്റുവാങ്ങി.
യൂത്ത് ഇന്ത്യൻ ടീമംഗങ്ങൾ സൗദി റഫറി മുഹമ്മദ് സഅദ്, ഈഥർ ഹോളിഡേയ്‌സ് പ്രതിനിധി മുബാശിർ എന്നിവരിൽ നിന്നും റണ്ണേഴ്‌സ് കപ്പ് കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.