റിയാദ്: പ്രവാസ ഹൃദയതാളങ്ങളിൽ സംഗീതമധുരവും നടനചാരുതയും ഹാസ്യരസവും കലർന്ന് കലാമലരുകൾ വിടരുന്ന ‘റിയാദ് ബീറ്റ്സി’ന്റെ ഉത്സവരാവ് വെള്ളിയാഴ്ച. റിയാദിലെ പ്രവാസി മലയാളികളെ താരാഘോഷ നിറവിൽ പാട്ടും ആട്ടവും തമാശയുമായി വിഭവസമൃദ്ധിയോടെ വിരുന്നൂട്ടാൻ മലസിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ റൂഫ് അരീനയിൽ വെള്ളിയാഴ്ച സായംസന്ധ്യയിൽ അരങ്ങുണരും. പ്രവാസികളുടെ പ്രഭാതഭേരിയും ആദ്യ ഇന്റർനാഷനൽ ഇന്ത്യൻ ദിനപത്രവുമായ ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രൻഡ്’ ആപ്പും ചേർന്നൊരുക്കുന്ന ‘റിയാദ് ബീറ്റ്സ്’ സ്റ്റേജ് ഷോയിൽ മലയാളത്തിന്റെ പ്രിയ താരം ഭാവനയാണ് മുഖ്യാതിഥി.
വൈകീട്ട് ഏഴ് മുതൽ രാത്രി 10.30 വരെ പാട്ടും ഡാൻസും ഹാസ്യകലാപ്രകടനവുമായി ഇടമുറിയാത്ത ആസ്വാദന അനുഭവം പകരുന്ന മെഗാ ഷോയിൽ പ്രശസ്ത ഗായകൻ വിധു പ്രതാപ് സംഗീതാസ്വാദകരുടെ മനംകവർന്ന പാട്ടുകൾ പാടും. പാട്ടുവഴിയിൽ പുതുതരംഗം തീർത്ത് ആൻ ആമി, ജാസിം ജമാൽ, ശിഖ പ്രഭാകർ എന്നീ ന്യൂജെൻ ഗായകരും കാതിനും കണ്ണിനും ഇമ്പം പകർന്ന് ആടിപ്പാടി നിറയും. പാട്ടുകൾക്കൊപ്പം റിയാദിലെ പോൾ സ്റ്റാർ ഡാൻസ് അക്കാദമിയിലെ അമ്പതോളം കുട്ടികൾ ഡാൻസ് മാസ്റ്റർ വിഷ്ണുവിന്റെ നേതൃത്വത്തിൽ മനോഹര നൃത്തച്ചുവടുകൾ വെക്കും.
പ്രശസ്ത ഹാസ്യകലാകാരനും നടനും സംവിധായകനുമായ രമേശ് പിഷാരടി പാട്ടിനിടയിൽ ഹാസ്യരസം വിളമ്പും. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ തമാശ നമ്പറുകൾ പലതിട്ട് പിഷാരടി മുന്നേറുമ്പോൾ ഒപ്പം ചിരിയുടെ പൊട്ടും പൊടിയും വിതറി പ്രശസ്ത താരം ഷൗബിൻ ഷാഹിറിന്റെ ശബ്ദാനുകരണത്തിലൂടെ ഹാസ്യരംഗത്ത് ശ്രദ്ധേയനായ അശ്വന്ത് അനിൽകുമാറുമുണ്ടാകും. വേദിയിൽനിന്ന് കണ്ണോ കാതോ നിമിഷാർധംപോലും മാറ്റാൻ പ്രേക്ഷകർക്ക് അവസരം നൽകാതെ അവരെ പിടിച്ചിരുത്തുന്ന മാന്ത്രിക ട്രിക്കുകളുമായി മിഥുൻ രമേഷ് അവതാരകനായും എത്തുേമ്പാൾ അക്ഷരാർഥത്തിൽ മാസ്മാരികാനുഭവം സമ്മാനിക്കുന്ന മഹോത്സവമായി മാറും റിയാദ് ബീറ്റ്സ്.
സൗദിയിലെ മലയാളി സമൂഹം നെഞ്ചേറ്റിയ 2019 നവംബറിലെ ‘അഹ്ലൻ കേരള’ ഇന്ത്യൻ സാംസ്കാരിക മഹോത്സവത്തിന് ശേഷം റിയാദിലൊരു തുറന്ന വേദിയിൽ മലയാളി സ്പർശമുള്ള മെഗാ ഷോക്ക് വേണ്ടി കാത്തിരുന്ന പ്രവാസി ആസ്വാദകർക്ക് മുന്നിലാണ് വെള്ളിയാഴ്ച റിയാദ് ബീറ്റ്സ് ആഹ്ലാദ സ്പന്ദനം തീർക്കാനൊരുങ്ങുന്നത്. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെ എല്ലാ മാനദണ്ഡങ്ങൾക്കും അനുസൃതമായി അരങ്ങേറുന്ന മഹോത്സവത്തിന്റെ അന്തിമഘട്ട ഒരുക്കവും സംഘാടകർ പൂർത്തിയാക്കിക്കഴിഞ്ഞു. മലസ് ലുലു ഹൈപ്പർമാർക്കറ്റിന്റെ റൂഫ് അറീനയിൽ വിശാലമായ സ്റ്റേജ് സംവിധാനവും ആയിരങ്ങൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും തയാറായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽതന്നെ പരിപാടി സ്ഥലത്തേക്കുള്ള കവാടങ്ങൾ തുറക്കും, പ്രേക്ഷകരെ പ്രവേശിപ്പിച്ചുതുടങ്ങും. ഇമ്പക്സ്, ലുലു, ഹോട്ട്പാക്ക്, റിയ മണി ട്രാൻസ്ഫർ, ഫൗരി തുടങ്ങിയ നിരവധി പ്രമുഖ വാണിജ്യ സ്ഥാപനങ്ങളാണ് പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.