റിയാദ്: സൗദി ദേശീയദിനാഘോഷത്തിെൻറ ആരവമടങ്ങും മുമ്പ് മലയാളി പ്രവാസികൾക്ക് പുതിയൊരാഘോഷത്തിെൻറ തുകിലുണർത്തു പാട്ടായി ‘റിയാദ് ബീറ്റ്സ്’ മഹാമേളക്കുള്ള ഒരുക്കം തകൃതി. വെള്ളിയാഴ്ച അരങ്ങേറുന്ന മഹോത്സവത്തിൽ വേദിയുണർത്താൻ മലയാളത്തിലെ പ്രശസ്തരടക്കമുള്ള ഒരുകൂട്ടം കലാപ്രതിഭകൾ റിയാദിലെത്തി.
കലാസാംസ്കാരിക രംഗത്ത് മാറ്റത്തിെൻറ അലയൊലികളുയരുന്ന സൗദിയുടെ വിഹായസിലേക്കാണ് പുതുതലമുറയുടെ കലാസ്വപ്നങ്ങളും സംഗീതാഭിരുചികളുമായി അവരെത്തിയിരിക്കുന്നത്.
പ്രവാസത്തിെൻറ ആത്മസംഘർഷങ്ങളെ സംഗീതത്തിെൻറയും ഹാസ്യത്തിെൻറയും ഭാവരസങ്ങളിൽ സമന്വയിപ്പിക്കുവാൻ റിയാദിലെ പ്രവാസി കലാസ്വാദകരും ഒരുങ്ങിക്കഴിഞ്ഞു. പാട്ടിെൻറ പുതുവഴികൾ അന്വേഷിക്കുന്ന ന്യൂജെൻ ഗായകരും ചിരിയുടെയും ചിന്തയുടെയും ചെപ്പ് തുറക്കുന്ന ഹാസ്യ കലാകാരന്മാരും അണിനിരക്കുന്ന ‘റിയാദ് ബീറ്റ്സ്’ റിയാദ് നഗരത്തിന് ഉത്സവമേളം പകരും. തെന്നിന്ത്യൻ സിനിമ താരം ഭാവനക്ക് പുറമെ രമേശ് പിഷാരടി, മിഥുൻ രമേശ്, വിധു പ്രതാപ്, ആൻ ആമി, ജാസിം ജമാൽ, അശ്വന്ത് അനിൽ കുമാർ, ശിഖ പ്രഭാകർ എന്നിവരാണ് കലോത്സവത്തിെൻറ അരങ്ങുണർത്തുന്നത്.
സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയുടെ അനുമതിയോടെ ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രൻഡ്’ ആപ്പും ചേർന്നൊരുക്കുന്ന മഹോത്സവത്തിെൻറ അവസാനവട്ട ഒരുക്കത്തിലാണ് സംഘാടകർ. മലസ് ലുലു ഹൈപ്പർ മാർക്കറ്റിെൻറ റൂഫ് അറീനയിൽ വിശാലമേറിയ സ്റ്റേജ് സംവിധാനവും ആയിരങ്ങൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ഒരുങ്ങുന്നു. വിവിധ കാറ്റഗറിയിലുള്ള പവലിയനുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന തിരക്കിലാണ് വളൻറിയർമാർ. എൻജിനീയർ അബ്ദുറഹ്മാൻ കുട്ടിക്ക് കീഴിലുള്ള സന്നദ്ധ സംഘമാണ് വേദിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
തിരക്ക് കുറക്കാൻ പ്രവേശന കവാടങ്ങൾ മൂന്ന് ഭാഗങ്ങളിലാണ് തയാറാക്കിയിട്ടുള്ളത്. നാട്ടിൽ നിന്നെത്തിയ കലാകാരന്മാരുടെ റിഹേഴ്സൽ അവർ താമസിക്കുന്ന ഹോട്ടലിൽ പുരോഗമിക്കുന്നു. റിയാദിലെ പോൾ സ്റ്റാർ ഡാൻസ് അക്കാദമിയിൽ നിന്നുള്ള അമ്പതോളം കുട്ടികൾ ഡാൻസ് മാസ്റ്റർ വിഷ്ണുവിെൻറ നേതൃത്വത്തിൽ പരിശീലനത്തിലാണ്. ഒരു വ്യാഴവട്ടത്തിലേറെയായി റിയാദിൽ കലാപരിശീലന രംഗത്ത് പ്രവർത്തിക്കുന്ന സമിതിയാണ് പോൾ സ്റ്റാർ ഡാൻസ് അക്കാദമി. എട്ട് ബാച്ചുകളിലായി നൂറിലധികം കുട്ടികൾ ഇപ്പോൾ സ്ഥാപനത്തിൽ പരിശീലിക്കുന്നുണ്ട്.
വെസ്റ്റേൺ, ഇന്ത്യൻ ബോളിവുഡ്, സിനിമാറ്റിക് ഇനങ്ങളാണ് പ്രധാനമായും ഇവിടെ പരിശീലിപ്പിക്കുന്നത്. സ്കൂൾ വിദ്യാർഥികളായ പഠിതാക്കളാണ് കലാപരിശീലനങ്ങളിൽ ഏർപ്പെടുന്നത്. സൗദിയിലെ പല നഗരത്തിലും ഈ ടീം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. റിയാദ് ബീറ്റ്സിലെ ഗായകരുടെ പാട്ടുകൾക്ക് നൃത്തച്ചുവടു വെക്കാൻ വിഷ്ണുവും സംഘവുമുണ്ടാവും.
ഗൾഫ് മാധ്യമം കോഓഡിനേഷൻ കമ്മിറ്റിക്ക് കീഴിലും ലുലു ഔട്ട്ലെറ്റുകളിലും ടിക്കറ്റുകളുടെ അവസാനഘട്ട വിൽപനയും പുരോഗമിക്കുകയാണ്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ വേദിയുടെ പ്രവേശന കവാടങ്ങൾ തുറക്കപ്പെടും. വൈകീട്ട് 6.30 മുതലാണ് സ്റ്റേജ് ഷോക്ക് തുടക്കം. ഇമ്പക്സ്, ലുലു, ഹോട്ട്പാക്ക്, റിയ മണി ട്രാൻസ്ഫർ, ഫൗരി തുടങ്ങിയ നിരവധി പ്രമുഖ വാണിജ്യസ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഉത്സവമൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.