റിയാദ്: ‘സങ്കൽപത്തിനപ്പുറം’ എന്ന മുദ്രാവാക്യവുമായി ഇത്തവണത്തെ റിയാദ് സീസൺ ആഘോഷങ്ങൾ തുടരുന്നു. നഗരത്തിലെ 15 പ്രധാന സോണുകളിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്.
ഇതിൽ വ്യതിരിക്തമായ ഒരാഘോഷകേന്ദ്രമാണ് ബംഗ്ലഫിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിനടുത്ത് സ്ഥിതിചെയ്യുന്ന ‘ഖർയത്തുസ്സമാൻ’. പുരാതനമായ ഒരു കോട്ടയുടെ മാതൃകയിൽ രൂപകൽപന ചെയ്ത ഈ വേദി സൗദി ഗ്രാമീണ ജനതയുടെ സാംസ്കാരിക തനിമയുടെയും ഈടുവെപ്പുകളുടെയും നിറവിലാണ്. പരമ്പരാഗത ഭക്ഷണ പാനീയങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിൽപനയും ഇവിടെയുണ്ട്.
ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ട വും പഴമയുടെ പ്രൗഢി വിളിച്ചോതുന്നതുമാണ് പ്രദർശനനഗരിയിലെ ഓരോ സ്റ്റാളും. വ്യത്യസ്തമായ പ്രദർശനങ്ങൾക്കു പുറമെ വിശാലമായ ഒരു സ്റ്റേജും ഇതോടനുബന്ധിച്ചുണ്ട്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സൗദി അറബ് നാടകങ്ങളും പ്രശസ്തരായ ഗായകരുടെ പാട്ട് കച്ചേരിയും നടക്കും. സൗദി പാരമ്പര്യ നൃത്തമായ ‘അർദ’ എല്ലാ ദിവസവും അരങ്ങേറും. സൗദി ടെലിവിഷൻ ചാനലിെൻറ താൽക്കാലിക സ്റ്റുഡിയോയും കുട്ടികൾക്കായി തുറന്നിട്ടുണ്ട്. വാരാന്ത്യദിനങ്ങളിൽ സംസ്കാരിക ഘോഷയാത്രയും ഈ നഗരിയിൽ സംഘടിപ്പിക്കും.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി കുടുംബങ്ങളാണ് പരിപാടി വീക്ഷിക്കാനായി ഇവിടെയെത്തുന്നത്. പ്രവേശനം സൗജന്യമാണെങ്കിലും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. തിരക്ക് കുറക്കാനും സന്ദർശനം പ്രയാസരഹിതമാക്കാനുമാണിത്. സന്ദർശന സമയം വൈകീട്ട് മൂന്നു മുതൽ രാത്രി 11വരെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.