റിയാദ്: പ്രവാസി മാനസങ്ങളിലേക്ക് കലയുടെയും സംഗീതത്തിന്റെയും പൂക്കാലവുമായി വിരുന്നെത്തുന്ന ‘റിയാദ് ബീറ്റ്സി’ൽ ഗായകരോടൊപ്പം ചിരിയുടെ ചെപ്പ് തുറക്കാൻ രമേശ് പിഷാരടിയെത്തുന്നു. കൂടെ ന്യൂജെൻ ഹാസ്യതാരമായ അശ്വന്ത് അനിൽകുമാറും. നടൻ, സംവിധായകൻ, സ്റ്റേജ് ആർട്ടിസ്റ്റ്, അവതാരകൻ എന്നീ നിലകളിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും അതിഥിയായും വിധികർത്താവായുമൊക്കെ നിറഞ്ഞുനിൽക്കുന്ന അനേകം ആരാധകരുള്ള താരമാണ് പിഷാരടി. ശുദ്ധ ഹാസ്യത്തിന്റെയും അനുകരണത്തിന്റെയും ഒരു പ്രതിഭാസമായി മാറിയ ഈ കലാകാരൻ വാക്കുകളുടെ അനർഗ നിർഗളമായ പ്രയോഗത്തിലൂടെയും കൗണ്ടറുകളിലൂടെയും കാണികളെ കൈയിലെടുക്കുന്നു.
ഹാസ്യത്തിന്റെ രസച്ചരടിൽ കോർത്ത സംഭാഷണവും മൂർച്ചയുള്ള ആനുകാലിക വിമർശനങ്ങളും അദ്ദേഹത്തിന്റെ പരിപാടികളെ ജനപ്രിയമാക്കുന്നു. മിമിക്രിയിലൂടെ കടന്നുവന്ന പിഷാരടി വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ ടെലിവിഷൻ ലോകത്ത് തേൻറതായ ഇടം രേഖപ്പെടുത്തി. ഇന്ന് മലയാളത്തിന്റെ ഏതൊരു കലാമാമാങ്കത്തിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് കോട്ടയം കാരികോട് സ്വദേശിയായ രമേശ് പിഷാരടി. ‘കോമഡി ഉത്സവ’ത്തിലൂടെ ശബ്ദാനുകരണ വേദിയിൽ ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് അശ്വന്ത് അനിൽകുമാർ എന്ന യുവപ്രതിഭ.ആരെയും വിസ്മയിപ്പിക്കുന്ന രീതിയിൽ സിനിമാതാരങ്ങളുടെ ശബ്ദം ലൈവായി ഡബ് ചെയ്ത് വിസ്മയിപ്പിക്കുന്നതാണ് അശ്വന്ത് അനിൽകുമാറിന്റെ സവിശേഷത. നിരവധി ഫോളോവേഴ്സുള്ള അശ്വന്ത് കലാകേരളത്തിന് പുതിയൊരു വാഗ്ദാനമാണ്.
റിയാദ് ബീറ്റ്സ് അരങ്ങുണർത്തുന്ന നർമത്തിന്റെ ചിരി തരംഗങ്ങളും സംഗീതത്തിന്റെ മധുര ഈണങ്ങളും ആസ്വദിക്കുവാൻ ഇനി ഒരാഴ്ച ദൂരം മാത്രം. പ്രവാസി സമൂഹത്തിന് അവിസ്മരണീയമായ ഒരു രാവ് സമ്മാനിക്കാൻ ‘ഗള്‍ഫ് മാധ്യമം’ അന്തിമ ഒരുക്കത്തിലാണ്. മലസ് ലുലുവിലെ റൂഫ് അറീനയിലാണ് ഈ കലാനിശ അരങ്ങേറുന്നത്. നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന വേദിയിലേക്ക് എല്ലാ ഭാഗത്തുനിന്നും എത്തിച്ചേരാൻ എളുപ്പമാണ്. ഈ മാസം 29ന് (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ച് മുതൽ പ്രവേശന കവാടങ്ങൾ തുറക്കും. 6.30 മുതലാണ് പരിപാടിക്ക് തുടക്കം കുറിക്കുക. മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരം ഭാവന, സെലിബ്രിറ്റി ആങ്കർ മിഥുൻ രമേശ്, പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ വിധു പ്രതാപ്, ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ആൻ ആമി, ‘ദി വോയ്സ്’ ഹിന്ദി റിയാലിറ്റി ഷോയിലൂടെ യുവാക്കളുടെ ഹരമായി മാറിയ ജാസിം ജമാൽ, സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനം കവർന്ന ശിഖ പ്രഭാകർ തുടങ്ങി നിരവധി യുവ കലാകാരന്മാർ വേദിയിൽ അണിനിരക്കും.
റിയാദിൽ നിന്ന് ഡാൻസ് മാസ്റ്റർ വിഷ്ണുവിന്റെ നേതൃത്വത്തിൽ പോൾ സ്റ്റാർ ഡാൻസ് അക്കാദമിയിലെ നർത്തകരും പങ്കുചേരും. യുവപ്രതിഭകളുടെ സർഗശേഷി കൊണ്ടും അവതരണ മികവ് കൊണ്ടും റിയാദിന് പുതിയൊരനുഭവമായി മാറും റിയാദ് ബീറ്റ്സ്. പരിപാടിയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കുന്ന തിരക്കിലാണ് റിയാദിലെ കലാസ്വാദകർ. സാധാരണക്കാരായ പ്രവാസികളെയും കുടുംബങ്ങളെയും പരിഗണിക്കുന്ന രീതിയിലുള്ള മിതമായ നിരക്കിലാണ് പ്രവേശനപാസുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
റെഡ് കാർപെറ്റ്, പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡ് എന്നീ കാറ്റഗറികളിലായി തിരിച്ചാണ് ഇരിപ്പിടങ്ങൾ.ലുലു ഔട്ട്ലെറ്റുകളിൽ നിന്നും നഗരത്തിലെ വിവിധ മലയാളി സ്ഥാപനങ്ങളിൽ നിന്നും പ്രവേശന ടിക്കറ്റുകൾ ലഭിക്കും. ‘ഗൾഫ് മാധ്യമം’ ഓഫിസിനെയും പ്രതിനിധികളെയും നേരിട്ടും സമീപിക്കാവുന്നതാണ്.റിയാദിന്റെ സമീപ പ്രദേശങ്ങളായ അൽ ഖർജ്, മുസാഹ്മിയ, ശഖ്റാ എന്നിവിടങ്ങളിലും ടിക്കറ്റുകൾ ലഭിക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഇനിയും ടിക്കറ്റ് സ്വന്തമാക്കാത്തവർക്ക് മേൽപറഞ്ഞ കേന്ദ്രങ്ങളെ സമീപിക്കാം. കൂടുതൽ വിവരങ്ങൾ 0504507422, 0559576974 എന്നീ നമ്പറുകളിൽനിന്ന് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.