റിയാദ്: അന്താരാഷ്‌ട്ര പുസ്തകമേളയിൽ കുട്ടികൾക്കായുള്ള സ്റ്റാളുകളിൽ വൻതിരക്ക്. മേളയുടെ ആദ്യ ദിവസങ്ങളിൽ സ്റ്റാളുകളിൽ സന്ദർശകരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
മേളയിൽ കുട്ടികൾക്കായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ മാതാപിതാക്കൾക്കൊപ്പം വരുന്ന കുഞ്ഞുവായനക്കാരുടെ തിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമായിരുന്നു. കുരുന്നുകളിൽ ആദ്യാക്ഷരം കുറിക്കുന്നത് മുതൽ വ്യത്യസ്ത ഭാഷകൾ പഠിക്കാൻ സഹായകമാകുന്ന വിവിധ പുസ്തകങ്ങൾ ലഭ്യമാണ്.
കുട്ടികളെ ആകർഷിക്കുന്ന വിവിധ വർണചിത്രങ്ങളോടുകൂടിയ കഥ, കവിത, പഴഞ്ചൊല്ലുകൾ, മഹാന്മാരുടെ ചരിത്രങ്ങൾ, യാത്രാവിവരണങ്ങൾ തുടങ്ങിയ പുസ്തകങ്ങളാണ് ഇവിടെയുള്ളത്. മേളയിലെ ഡി.സി പുസ്തക സ്റ്റാളുകൾ കുരുന്നുകൾക്ക് ഏറെ ആകർഷകമായി.
കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചു തയാറാക്കിയിരിക്കുന്ന 'മാംഗോ ബുക്ക് ഓഫ് അൽഫബെറ്റ്‌സ്' ആണ് കുട്ടികളെ ഇവിടേക്ക് കൂടുതൽ ആകർഷിപ്പിക്കുന്നത്. ഇത് കൂടാതെ ഇംഗ്ലീഷ് പഠനത്തിന് സഹായിക്കുന്ന നിരവധി പുസ്തകങ്ങളും സ്റ്റാളുകളിൽ ലഭിക്കും. കുട്ടികൾക്ക് മികച്ച പുസ്തകങ്ങൾ മേളയിൽനിന്നും സ്വന്തമാക്കാൻ കഴിഞ്ഞെന്നും മാതാപിതാക്കൾ പ്രതികരിച്ചു.
കൂടാതെ പുസ്തകങ്ങൾക്ക് 20 ശതമാനം കിഴിവും ലഭിക്കും. മേളയുടെ ആദ്യ ദിനങ്ങളിൽ ഇവിടേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രവേശനം തികച്ചും സൗജന്യമാണ് എന്ന് മനസിലാക്കിയതോടുകൂടി ഇവിടേക്ക് എത്തുന്നവരുടെ തിരക്ക് കൂടുകയായിരുന്നു. ഈ മാസം എട്ടാം തിയതി പുസ്തകമേള അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.