റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ പൊതുഗതാഗത പദ്ധതിയായ കിങ് അബ്ദുൽ അസീസ് ട്രാൻസ്പോർട്ട് സിസ്റ്റത്തിലെ ‘റിയാദ് ബസ്’ സർവിസിന്റെ നാലാം ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമീഷൻ അറിയിച്ചു. ഈ ഘട്ടത്തിൽ ഏഴു റൂട്ടുകളിൽ കൂടിയാണ് ബസുകൾ ഓടിത്തുടങ്ങിയത്. ഇതോടെ നഗരത്തിനകത്ത് റിയാദ് ബസ് റൂട്ടുകളുടെ എണ്ണം 40 ആയി ഉയർന്നു. സർവിസ് നടത്തുന്ന ബസുകളുടെ എണ്ണം 614 ആയി മാറി.
40 റൂട്ടുകളിലായി 1632 സ്റ്റേഷനുകളും സ്റ്റോപ്പിങ് പോയന്റുകളുമാണ് ഉള്ളത്. പുതിയ റൂട്ടുകൾ ഉൾപ്പെടുത്തുന്നത് നഗരത്തിലെ പൗരന്മാർക്കും താമസക്കാർക്കും പൊതുഗതാഗത അനുഭവം മെച്ചപ്പെടുത്തുന്നതിനാണെന്നും ഈ വർഷം അവസാനിക്കുന്നതിനു മുമ്പ് അവശേഷിക്കുന്ന ഘട്ടങ്ങൾ കൂടി പൂർത്തിയാക്കി ശൃംഖല പൂർണമാക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും റോയൽ കമീഷൻ അറിയിച്ചു. ഉയർന്ന അന്താരാഷ്ട്ര സാങ്കേതിക മാനദണ്ഡങ്ങൾ പ്രയോഗിച്ചു റിയാദിലെ പൊതുഗതാഗത സേവനങ്ങൾ മികച്ചതാക്കുക ലക്ഷ്യമിട്ട് കിങ് അബ്ദുൽ അസീസ് പദ്ധതിക്ക് കീഴിലാണ് റിയാദ് ബസ് സർവിസ് നടപ്പാക്കുന്നത്. ഈ വർഷം മാർച്ചിലാണ് ആദ്യഘട്ടത്തിലെ ബസ് സർവിസുകൾ ആരംഭിച്ചത്. ശേഷം രണ്ടും മൂന്നും ഘട്ടങ്ങൾ കൂടി ആരംഭിച്ചു. ഇതുവരെ 6,31,000 ട്രിപ്പുകളാണ് നടത്തിയത്. 63,10,000ത്തിലധികം ആളുകൾ ഈ ബസുകളിൽ യാത്ര ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.