റിയാദ്: ജൂൺ 21ലെ അന്താരാഷ്ട്ര യോഗാദിനം റിയാദിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. 2014 മുതലാണ് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയുടെ അംഗീകാരത്തോടെ അന്താരാഷ്ട്ര യോഗാദിനം ലോകത്താകമാനം ആചരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തന്നെ വന്നെത്തിയ അന്താരാഷ്ട്ര യോഗദിനാചരണവും വർണാഭമായി ആഘോഷിക്കാൻ സൗദിയിലെ ഇന്ത്യൻ സമൂഹവും നയതന്ത്ര മിഷനും.
പ്രവാസി ഇന്ത്യൻ സമൂഹത്തിന് പുറമെ സൗദി പൗരന്മാരും മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും വിദേശ നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരുമെല്ലാം ദിനാചരണ പരിപാടിയിൽ പങ്കാളികളായി. സൗദി യോഗ കമ്മിറ്റി മേധാവി നൗഫ് അൽമർവായി പരിപാടിയിൽ മുഖ്യാതിഥിയായി. വ്യക്തിപരമായി യോഗയിൽ നിന്നുണ്ടായ ആരോഗ്യ ഗുണഫലങ്ങളെ കുറിച്ച് അവർ വിശദീകരിച്ചു. എല്ലാദിവസവും പതിവ് ദിനചര്യയായി താൻ യോഗ ചെയ്യാറുണ്ടെന്ന് അവർ വ്യക്തമാക്കി.
ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് എൻ. റാം പ്രസാദ് ആരോഗ്യരംഗത്ത് യോഗയെ മുൻനിർത്തി ഇന്ത്യയും സൗദിയും തമ്മിൽ ശക്തിപ്പെടുന്ന സഹകരണ ബന്ധത്തെ കുറിച്ച് വിശദമാക്കി. ഇന്ത്യൻ ആരോഗ്യശുശ്രൂഷ രീതി സൗദി അറേബ്യയിൽ പ്രചുരപ്രചാരം നേടുന്നതിൽ യോഗ ഇൻസ്റ്റിറ്റ്യൂട്ട് സുപ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗയിലെ ഒരു പ്രാർഥനശ്ലോകത്തോടെ ആരംഭിച്ച ദിനാചരപരിപാടി പൊതുവായ യോഗ പ്രോട്ടോക്കോൾ പ്രകാരമാണ് പുരോഗമിച്ചത്.
യോഗ സംബന്ധിച്ച പ്രതിജ്ഞയോടെ സമാപിച്ച ചടങ്ങിൽ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തപരിപാടിയും അരങ്ങേറി. രാജ്യത്ത് യോഗ പഠിപ്പിക്കുന്നതിനും പരിശീലിക്കുന്നതിനും 2017 നവംബർ മുതൽ സൗദി അറേബ്യ അനുവാദം നൽകിയിരുന്നു. യോഗ പഠിപ്പിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരണ കരാർ ഒപ്പിട്ട ഗൾഫിലെ ആദ്യ രാജ്യമാണ് സൗദി അറേബ്യ. യോഗ പ്രചരിപ്പിക്കാൻ സൗദി ഗവൺമെൻറ് ഔദ്യോഗിക യോഗ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു.
യോഗ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യത്തെ യോഗ ഫെസ്റ്റിവൽ കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയിൽ നടക്കുകയും ചെയ്തിരുന്നു. യോഗ സൗദി ജനതക്കിടയിൽ പ്രചുരപ്രചാരം നേടിയതോടെ ധാരാളം സൗദി പൗരന്മാർ ആരോഗ്യ പരിചരണത്തിനും സുഖദായക ചികിത്സകൾക്കുമായി തുടർച്ചയായി ഇന്ത്യ സന്ദർശിക്കാൻ ആരംഭിച്ചതായും റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.