അപകടത്തിൽ മരിച്ച അബ്ദുൽ ഹക്കീം, ഇർഫാൻ ഹബീബ്, കാർത്തിക്, സേതുരാമൻ, യോഗേഷ് കുമാർ മിസ്‌ട്രി, അസ്ഹർ അലി മുഹമ്മദ് ശൈഖ്

റിയാദ് തീപിടുത്തം; ആറ് പേരുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

റിയാദ്: റിയാദിൽ താമസസ്ഥലത്ത് തീ പിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആറ് പേരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നും നാളെയുമായി നാട്ടിലേക്ക് കൊണ്ട് പോകും. ഈ മാസം അഞ്ചിന് പുലർച്ചെയാണ് റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്ത് തീപിടുത്തമുണ്ടായത്.

പമ്പിൽ പുതുതായി ജോലിക്കെത്തിയ ആറ് പേരുടെ ജീവനുകളാണ് അപകടത്തിൽ പൊലിഞ്ഞത്. രണ്ട് മലയാളികളും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള നാലുപേരും. മലപ്പുറം സ്വദേശി തറക്കൽ അബ്ദുൽ ഹക്കീമിന്‍റെ (31) മൃതദേഹം ഇന്ന് രാത്രി റിയാദിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലും മലപ്പുറം മേൽമുറി സ്വദേശി കാവുങ്ങാത്തൊടി ഇർഫാൻ ഹബീബി (27) ന്റെ മൃതദേഹം നാളെ രാത്രിയിലുള്ള എയർ ഇന്ത്യ എക്സ്പ്രസിലും നാട്ടിലേക്ക് കൊണ്ട് പോകും.

തമിഴ്നാട് സ്വദേശികളായ സീതാരാമൻ മധുരൈ (35), കാർത്തിക കാഞ്ചിപുരം (40), അസ്ഹർ ബോംബേ (26), യോഗേഷ് കുമാർ രാമചന്ദ്ര ഗുജറാത്ത് (38) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച ജന്മദേശത്തെത്തും. അപകടം സംഭവിച്ച് മണിക്കൂറുകൾക്കകം തന്നെ റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധിഖ് തുവ്വൂരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു. രണ്ട് മലപ്പുറം സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട രേഖകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയത് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയാണ്.

ആറ് പേരും പ്രവാസം ആരംഭിച്ചു മാസങ്ങൾക്കുള്ളിലാണ് അപകടത്തിൽപെട്ടത്. ഷോർട്ട് സർക്യൂട്ട് രൂപത്തിലെത്തിയാണ് ഇവരുടെ സ്വപ്നങ്ങൾ അഗ്നി വിഴുങ്ങിയത്. പുതിയ ജീവിതം പടുക്കാൻ മറുകര തേടി റിയാദിലെത്തിയ ആറ് പേരും വന്നതും മടങ്ങുന്നതും ഒരുമിച്ചാണ്.

Tags:    
News Summary - Riyadh Fire death; The bodies of six people will be brought home today and tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.