റിയാദ്: വർത്തമാനകാലത്ത് സമൂഹം നേരിടുന്ന ഏറ്റവും വലിയ നഷ്ടം സ്നേഹ ദാരിദ്ര്യം ആണെന്ന് ടി.എൻ. പ്രതാപൻ എം.പി അഭിപ്രായപ്പെട്ടു. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ‘സ്നേഹ കേരളം’ കാമ്പയിന്റെ ഭാഗമായി റിയാദ് സെൻട്രൽ നടത്തിയ സ്നേഹസദസ്സ് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിശ്വാസങ്ങളെയും പരവതാനി വിരിച്ചു സ്വീകരിച്ച കേരളത്തിലെ പൂർവികർ ഇന്ത്യക്കും ലോകത്തിനും മാതൃകയായ ഒരുപാട് നവോത്ഥാന സാംസ്കാരികതയിൽ അടിയുറച്ചു നിൽക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ പടുത്തുയർത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. മതാഘോഷങ്ങളിൽ പരസ്പരം സഹകരിച്ചിരുന്ന കാലം ഇല്ലാതാകുന്ന നിലവിലെ സാഹചര്യത്തിൽ, നന്മ ആഗ്രഹിക്കുന്ന എല്ലാവരും ചേർന്ന് ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തിൽ വീഴാതെ നാട്ടുരാജാക്കന്മാർക്കൊപ്പം നാടിന്റെ ഐക്യവും സ്നേഹവും പങ്കിട്ടവരാണ് നമ്മുടെ പൂർവികർ. അവർ നിലനിർത്തി പോന്നിരുന്ന സാഹോദര്യം സംരക്ഷിക്കാനുള്ള ബാധ്യത നമ്മുക്കെല്ലാമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഐ.സി.എഫ് റിയാദ് സെൻട്രൽ ദഅവ പ്രസിഡൻറ് അബ്ദുറഹ്മാൻ സഖാഫി ബദീഅ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് ദഅവ സെക്രട്ടറി ഹാരിസ് ജൗഹരി സ്നേഹസന്ദേശം അവതരിപ്പിച്ചു. ജോസഫ് അതിരുങ്കൽ (എഴുത്തുകാരൻ), രഘുനാഥ് പറശ്ശിനിക്കടവ് (ഒ.ഐ.സി.സി), നജിം കൊച്ചുകലുങ്ക് (മാധ്യമ പ്രവർത്തകൻ) എന്നിവർ സ്നേഹം പങ്കിട്ട് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.