ജിദ്ദ: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ ആദ്യം ആരംഭിക്കും. പുസ്തകമേളയിലെ ഇൗ വർഷത്തെ അതിഥി രാജ്യം ഇറാഖാണ്.
സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിക്ക് കീഴിൽ ആദ്യമായി നടക്കുന്ന പുസ്തകമേളയിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പ്രസാധകർ പെങ്കടുക്കും. പുസ്തക, പ്രസിദ്ധീകരണ രംഗത്തെ പ്രധാന സാംസ്കാരിക പരിപാടിയായിരിക്കും റിയാദ് അന്താരാഷ്ട്ര പുസ്തകമേളയെന്ന് സാംസ്കാരിക മന്ത്രിയും സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു. സൗദി അറേബ്യയെ പ്രസിദ്ധീകരണ മേഖലയിലേക്കുള്ള ആഗോള കവാടമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 10 വരെ നീളുന്നമേളയിൽ നാല്, അഞ്ച് തീയതികളിൽ പ്രസാധകർക്കായി ഒരു കോൺഫറൻസ് സംഘടിപ്പിക്കും. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ സമ്മേളനമായിരിക്കും ഇത്.
കൂടാതെ, ചർച്ച സെഷനുകൾ, പ്രസിദ്ധീകരണ ശിൽപശാലകൾ, വിവിധ സാംസ്കാരിക, സാഹിത്യ സെമിനാറുകൾ, കവിത-കലാ സായാഹ്നങ്ങൾ, പ്രഭാഷണം, സംവേദനാത്മക പരിപാടികൾ, കല, വായന, എഴുത്ത്, പ്രസിദ്ധീകരണം, പുസ്തക നിർമാണം, വിവർത്തനം എന്നീ മേഖലകളിൽ വർക്ക്ഷോപ്പുകൾ എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും ഇത്തവണത്തെ പുസ്തകമേളയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.