റിയാദ്: ഖത്തരി പൈതൃകം വിളംബരം ചെയ്യുന്ന പുസ്തകങ്ങളും വിശദാംശങ്ങളും റിയാദ് അന്താരാഷ്ട്ര പുസ്തകമേള കാണാനെത്തുന്നവരെ ആകർഷിക്കുന്നു. ഈ വർഷത്തെ പുസ്തകമേളയിലെ അതിഥി രാജ്യമായ ഖത്തറിെൻറ സാംസ്കാരിക മന്ത്രാലയമാണ് പഴയതും അപൂർവവുമായ പുസ്തകങ്ങളുടെ ശേഖരം പ്രദർശിപ്പിച്ചിരിക്കുന്നത്. ‘ഖത്തർ വായിക്കുന്നു’ എന്ന ശീർഷകത്തിന് കീഴിൽ ഒരുക്കിയ പവിലിയനിൽ ഖത്തരി സമൂഹത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം ആരംഭിച്ച വിവിധ സംരംഭങ്ങളെ പരിചയപ്പെടുത്തുന്നു.
ഖത്തർ സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പഴയതും വ്യത്യസ്തവുമായ പുസ്തകങ്ങളുടെ ശേഖരത്തിലെ 12 ശീർഷകങ്ങളുടെ പ്രദർശനം പവിലിയനിലുണ്ട്. ചിലത് വർഷങ്ങളുടെ പഴക്കമുള്ളതാണ്. കൂടാതെ ഖത്തരി പൈതൃകത്തിെൻറ സാംസ്കാരിക ഘടകങ്ങളെ അനുകരിക്കുന്ന ശിൽപങ്ങളും കലാരൂപങ്ങളും മേളയിലുണ്ട്. പവിലിയനിലെത്തുന്ന സന്ദർശകർക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട്.
കരകൗശല വസ്തുക്കൾ അണിനിരത്തിയ ഒരു കോർണറും പവിലിയനിലുൾപ്പെടും. സന്ദർശകർക്ക് ഖത്തറിലെ പ്രശസ്തമായ നിരവധി പരമ്പരാഗത കരകൗശല വസ്തുക്കളെ കുറിച്ച് അറിയാൻ ഇതിലൂടെ കഴിയും. ഖത്തരി ജനപ്രിയ കവിതകളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ‘ഖത്തരി കവിതയുടെ കണ്ണുകളിൽനിന്ന്’ എന്ന സമാഹാരമുണ്ട്. 30-ലധികം രാജ്യങ്ങളിൽനിന്നുള്ള 800-ഒാളം പവിലിയനുകളുള്ള 2024-ലെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള കഴിഞ്ഞ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.