റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഗീത പരിപാടിക്ക് റിയാദിൽ അരങ്ങുണർന്നു. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ റിയാദ് നഗരത്തിെൻറ വടക്കുഭാഗത്തെ ബൻബാനിലെ കൂറ്റൻ വേദിയിലാണ് സംഗീതമേള.
എം.ഡി.എൽ ബീസ്റ്റ് അവതരിപ്പിക്കുന്ന ബ്ലോക്ക് ബസ്റ്റർ സൗണ്ട് സ്റ്റോം മ്യൂസിക് ഫെസ്റ്റിവലിൽ ലോകത്തിലെ പ്രമുഖ കലാകാരന്മാരെയും സംഗീതജ്ഞരെയും പങ്കെടുപ്പിച്ചുള്ള സംഗീതമേള അരങ്ങേറുന്നത്. 'സ്പിരിറ്റ് ഓഫ് സൗദി അറേബ്യ' പ്ലാറ്റ്ഫോം ആരംഭിച്ച ഇവൻറുകളുടെയും സീസണുകളുടെയും കലണ്ടറിൽ ഉൾപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് സാൻഡ് സ്റ്റോം മ്യൂസിക് ഫെസ്റ്റിവൽ. അഞ്ചുലക്ഷത്തിലേറെ ആളുകൾ സംഗീത വിരുന്ന് ആസ്വദിക്കാനെത്തും. വ്യാഴാഴ്ച വൈകീട്ടാണ് സംഗീതമേളക്ക് തുടക്കമായത്. ലോകതലത്തിലും പ്രാദേശികമായും അറിയപ്പെടുന്ന സംഗീതജ്ഞരും ഡിസ്ക് ജോക്കികളുമായ ഡേവിഡ് ഗുവേറ്റ, അഫ്രോ ജാക്ക്, ടീയെസ്റ്റോ, സ്റ്റീവ് ആയോകി, കോസ്മികാറ്റ്, സോൺ പ്ലസ്, ആൻമർസ്, സ്പേസ്ബോയി, അറബി സംഗീതജ്ഞരായ നാൻസി അജ്റാം, ആമിർ ദിയാബ്, റാഷിദ് അൽ-മാജിദ്, മറിയം ഫെയേഴ്സ് തുടങ്ങിയവർ വേദിയിൽ അഭൗമമായ സംഗീത നൃത്ത പ്രപഞ്ചമൊരുക്കും. ഒക്ടോബർ മുതൽ മാർച്ച് വരെ സൗദിയിൽ ശൈത്യകാലത്ത് നടക്കുന്ന എല്ലാ ടൂറിസം, വിനോദ പ്രവർത്തനങ്ങളും പരിപാടികളും സീസണുകൾക്കുമാണ് 'സ്പിരിറ്റ് ഓഫ് സൗദി അറേബ്യ' എന്ന പൊതു പ്ലാറ്റ്ഫോം ആരംഭിച്ചത്.
സംഗീത പരിപാടികൾ രാജ്യത്തിനകത്തും പുറത്തുമുള്ള യുവാക്കളെ ആകർഷിക്കുന്നതായിരിക്കും. എം.ഡി.എൽ ബീസ്റ്റ് മ്യൂസിക് ഫെസ്റ്റിവൽ നാല് ദിവസമാണ് അരങ്ങേറുന്നത്. നെതർലൻഡ്സ്, ന്യൂയോർക്ക്, കാനഡ, റഷ്യ, ഫ്ലോറിഡ എന്നീ രാജ്യങ്ങളിൽ നിന്നും ജിദ്ദ, ഖത്വീഫ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത നൃത്ത പരിപാടി ബൻബാനിലെ എട്ട് തിയറ്ററുകളിലായാണ് നടക്കുന്നത്.
ആരോഗ്യ മുൻകരുതൽ പാലിച്ചുകൊണ്ടാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ദറഇയിലെ ജാക്സ് ഡിസ്ട്രിക്റ്റിൽ ആദ്യമായാണ് ഇത്തരമൊരു ഫെസ്റ്റിവൽ. ഇതിലൂടെ രാജ്യത്തിെൻറയും പശ്ചിമേഷ്യൻ മേഖലയുടെയും ദൃശ്യപരിപാടികൾക്കും സംഗീത മേഖലക്കം ഒരു റോഡ് മാപ്പ് വരക്കുകയാണ് ലക്ഷ്യമെന്ന് എം.ഡി.എൽ ബീസ്റ്റ് സി.ഇ.ഒ റമദാൻ അൽ-ഹർതാനി പറഞ്ഞു.
എല്ലാവർക്കും ഒരു നല്ല അനുഭവം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഇത്തരം പ്രധാന പരിപാടികൾ സമ്പദ്വ്യവസ്ഥയിൽ പരോക്ഷമായ വരുമാനം നൽകുമെന്നും അൽഹർതാനി പറഞ്ഞു.
റിയാദ്: എം.ഡി.എൽ ബീസ്റ്റ് ഫെസ്റ്റിവൽ ആദ്യ ദിവസം ആസ്വദിക്കാനെത്തിയവരുടെ എണ്ണം 1,80,000 ലേറെ. സംഘാടകരുടെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചാണ് ആദ്യ ദിവസം തന്നെ സംഗീതപ്രേമികളുടെ വലിയ ഒഴുക്കുണ്ടായത്. പ്രമുഖ ഗായകരായ അലിസ, മാജിദ് അൽമുഹൻദിസ്, മുഹമ്മദ് ഹമാകി, റാഷിദ് അൽമജീദ് എന്നിവരുടെയും മറ്റ് നിരവധി ഇലക്ട്രോണിക് സംഗീത താരങ്ങളുടെയും പരിപാടികൾക്ക് ആദ്യ ദിവസം സാക്ഷ്യംവഹിച്ചു.
സംഗീത പരിപാടികളിൽ മാത്രം ഒതുങ്ങാതെ ആർട്ട് ഷോകൾ, പ്രാദേശിക ആർട്ട് എക്സിബിഷനുകൾ, ലൈവ് എൻറർടെയിൻമെൻറ് ഷോകൾ, ഫുഡ് ട്രക്കുകൾ, പ്രീമിയം റസ്റ്റാറൻറുകൾ എന്നിവയുടെ വിശാലവും വ്യത്യസ്തവുമായ അനുഭവം ആസ്വദിക്കാനുള്ള അവസരം കൂടി എം.ഡി.എൽ ബീസ്റ്റ് ഫെസ്റ്റിവലിലുണ്ട്. രാജ്യാന്തര കലാഭൂപടത്തിൽ സൗദി തലസ്ഥാന നഗരി റിയാദിെൻറ മാറ്റം പ്രതിഫലിപ്പിക്കുന്നതാണ് എം.ഡി.എൽ ബീസ്റ്റ് ഫെസ്റ്റിവലെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.