റിയാദ്: സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിച്ച റിയാദ് മാരത്തണിന്റെ മൂന്നാംപതിപ്പിന് സമാപനം. രണ്ട് ദിവസങ്ങളിലായി റിയാദ് ബോളെവാർഡിലെ കിങ്ഡം അരീന സ്റ്റേഡിയത്തിൽ നടന്ന കൂട്ടയോട്ട മത്സരത്തിൽ 125 രാജ്യങ്ങളിൽ നിന്ന് 20,000ലധികം സ്ത്രീ-പുരുഷ മത്സരാർഥികൾ പങ്കെടുത്തു.
ചരിത്രസംഭവമായ മാരത്തണ്ണിന് ഉത്സവാന്തരീക്ഷം പകരാനും ആസ്വദിക്കാനും വലിയ വിഭാഗം കാണികളാണെത്തിയത്. മാരത്തണിന് വിവിധ വിഭാഗങ്ങളിലായി 7,200ലധികം വനിതകൾ പങ്കെടുത്ത് മറ്റൊരു ചരിത്രപിറവിക്കും സാക്ഷ്യംവഹിച്ചു. കായിക മന്ത്രാലയത്തിന്റെ പിന്തുണയോടെ സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനാണ് മാരത്തൺ സംഘടിപ്പിച്ചത്. മാരത്തണിൽ പെങ്കടുക്കുന്നവരെ സ്വീകരിക്കാൻ ‘മാരത്തൺ വില്ലേജ്’എന്ന ഒരു വിനോദഗ്രാമം ഒരുക്കിയിരുന്നു. ഭക്ഷണപാനീയങ്ങൾക്കും വിനോദങ്ങൾക്കും പ്രത്യേക സ്ഥലവും ഒരുക്കിയിരുന്നു.
‘വിഷൻ 2030’ന്റെ ‘ക്വാളിറ്റി ഓഫ് ലൈഫ്’ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് വർഷന്തോറും മാരത്തൺ സംഘടിപ്പിക്കുന്നത്. സൗദി ഒളിമ്പിക്സ് ആൻഡ് പാരാലിമ്പിക് കമ്മിറ്റിയുടെയും സൗദി അത്ലറ്റിക്സ് ഫെഡറേഷന്റെയും പങ്കാളിത്തം പരിപാടിയിലുണ്ടായിരുന്നു. പങ്കെടുത്തവരിൽ 64 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളുമാണ്. 600ലധികം പേർ ഫുൾ മാരത്തണിൽ (42.2 കി.മീറ്റർ) പെങ്കടുത്തു. ഹാഫ് മാരത്തണിൽ (21.1 കി.മീറ്റർ) 3000 പേരും 10 കി.മീറ്റർ വിഭാഗത്തിൽ ഏകദേശം 8000 മത്സരാർഥികളും നാല് കി.മീറ്ററിൽ 8400ലധികം പേരും പങ്കെടുത്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാരത്തണിൽ പങ്കെടുത്തവരുടെ എണ്ണത്തിൽ 33 ശതമാനത്തിലധികം വർധനവുണ്ടായി. ഫിനിഷിങ് ലൈൻ കടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മെഡലുകൾക്ക് പുറമെ ഏഴ് ലക്ഷം സൗദി റിയാലിലധികം വിലമതിക്കുന്ന സമ്മാനങ്ങളും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.