റിയാദ്: റിയാദ് മെട്രോ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽ ജാസർ പറഞ്ഞു. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഓഫ് ഏവിയേഷൻ സമ്മേളനത്തിലെ ഡയലോഗ് സെഷനിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മികച്ച ട്രാഫിക് മാനേജ്മെൻറ് സാങ്കേതികവിദ്യകളും നിയമനിർമാണ ക്രമീകരണങ്ങളുമാണ് മെട്രോയിൽ ഉപയോഗിക്കുന്നത്. ഇത് റിയാദിലെ ഗതാഗതം മെച്ചപ്പെടുത്താൻ സഹായിക്കും. റിയാദ് നഗരം ജനസാന്ദ്രതയിലും വിനോദസഞ്ചാരത്തെയും ബിസിനസിനെയും ആകർഷിക്കുന്നതിലും വളരുകയാണ്. ഗതാഗതം ഞങ്ങൾ നേരിടുന്ന ഒരു വെല്ലുവിളിയാണ്. മെട്രോ സർവിസ് ഉടൻ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. റിയാദിലെ റോഡ് ശൃംഖല മെച്ചപ്പെടുത്താൻ 70 ബില്യൺ റിയാൽ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രാലയത്തിൽ ഓരോ വർഷവും കാർബൺ രണ്ട് ശതമാനം കുറക്കാൻ ശ്രമിക്കുന്നുണ്ട്. ആളുകൾക്ക് പൊതുഗതാഗതം ഉപയോഗിക്കാനും സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും പുതിയ ഇന്ധനങ്ങളിൽനിന്ന് പ്രയോജനം നേടാനുമുള്ള തീവ്രശ്രമങ്ങളിലൂടെയാണിത് സാധ്യമാകുന്നത്. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകളും ട്രക്കുകളും ഉപയോഗപ്പെടുത്താൻ തുടങ്ങി. കൂടാതെ രാജ്യത്തെ റോഡുകളിൽ ഇലക്ട്രിക് കാറുകൾ പ്രത്യക്ഷപ്പെട്ടു. സൗദിയിലെ ലോജിസ്റ്റിക്കൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ലോകത്തിലെ മികച്ച പത്ത് രാജ്യങ്ങളിൽ ഒന്നായി മാറാനും വ്യോമ, കടൽ, കര ഗതാഗതത്തിൽ വളർച്ച കൈവരിക്കാൻ ലക്ഷ്യമിടുന്നു. കോവിഡിന് മുമ്പുള്ള വളർച്ച രാജ്യം പുനഃസ്ഥാപിച്ചു. 2023ൽ ഒരു ദശലക്ഷത്തിലധികം ടൺ രേഖപ്പെടുത്തി. ഇത് കോവിഡിന് മുമ്പുള്ള നിരക്കിനേക്കാൾ കൂടുതലാണെന്നും മന്ത്രി പറഞ്ഞു. എയർബസുമായുള്ള പുതിയ കരാർ ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുകയും വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നതാണ്. വ്യോമയാന മേഖലയിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. പാരിസ്ഥിതിക സുസ്ഥിരതയിൽ വ്യോമയാന മേഖലക്ക് വലിയ ഉത്തരവാദിത്തമുണ്ട്. പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിന് രാജ്യം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.