റിയാദ്: പ്രവർത്തനം ആരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ സൗദി തലസ്ഥാനത്തിന്റെ ജനപ്രിയ ഗതാഗത സംവിധാനമായി മാറിയ റിയാദ് മെട്രോയിൽ ഞായറാഴ്ച ചുവപ്പും പച്ചയും കൂടി തെളിഞ്ഞു. നാലാമത്തെയും അഞ്ചാമത്തെയും ട്രാക്കുകളായ ഗ്രീനിലും റെഡിലും ട്രെയിനുകൾ ഓടിത്തുടങ്ങി. രാവിലെ ആറു മുതലാണ് ഇരു ട്രാക്കുകളിലുടെയും ട്രെയിനുകൾ ഓട്ടം ആരംഭിച്ചത്. ഗ്രീൻ ട്രെയിനിൽ വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബനിയാൻ, റെഡ് ട്രെയിനിൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) ഗവർണർ സുലൈമാൻ ബിൻ അബ്ദുൽ റഹ്മാൻ അൽ ഗൈസ് എന്നിവർ ആദ്യയാത്രക്കാരായി.
നഗരത്തിന്റെ വടക്കുകിഴക്ക് ഭാഗത്തുള്ള വിദ്യാഭ്യാസ മന്ത്രാലയത്തെയും ബത്ഹയിലെ മ്യൂസിയം സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന 13.3 കിലോമീറ്ററുള്ള പാതയാണ് ഗ്രീൻ. കിങ് അബ്ദുല്ല റോഡിൽനിന്ന് തുടങ്ങുന്ന ഈ ലൈനിൽ 12 സ്റ്റേഷനുകളുണ്ട്. ബത്ഹയിലെ മ്യൂസിയം, തൊട്ടടുത്തുള്ള ധനകാര്യമന്ത്രാലയം എന്നീ സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല. കിങ് അബ്ദുൽ അസീസ് ആശുപത്രി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. വൈകാതെ രണ്ട് സ്റ്റേഷനുകളും തുറക്കുന്നതോടെ സർവിസ് പൂർണ തോതിലാവും.
നിരവധി മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികളുടെ ഓഫിസുകൾക്കും അരികിലൂടെയാണ് ഈ ട്രാക്ക് കടന്നുപോകുന്നത്. പ്രതിരോധം, ധനകാര്യം, വാണിജ്യം എന്നീ മന്ത്രാലയങ്ങളോടും മറ്റ് സർക്കാർ ഓഫിസുകളോടും ചേർന്ന് സ്റ്റേഷനുകളുണ്ട്. നിരവധി വാണിജ്യ, സേവന സ്ഥാപനങ്ങളും പാർപ്പിട കേന്ദ്രങ്ങളും ഈ റൂട്ടിലുണ്ട്.
നഗരത്തിന്റെ കിഴക്ക് ബഗ്ലഫിലെ കിങ് ഫഹദ് ഇന്റർ നാഷനൽ സ്റ്റേഡിയത്തെയും പടിഞ്ഞാറ് കിങ് സഊദ് യൂനിവേഴ്സിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് റെഡ് ലൈൻ. കിങ് അബ്ദുല്ല റോഡിന് സമാന്തരമായ ഈ ട്രാക്കിന് 25.1 കി.മീ നീളമുണ്ട്. റിയാദ് ഇന്റർ നാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററടക്കം 15 സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്.
റെഡ് ലൈനിൽ കാപിറ്റൽ മെട്രോ കാംകോ, ഗ്രീൻ ലൈനിൽ ഫ്ലോ കൺസോർട്യം എന്നീ കമ്പനികളാണ് സർവിസ് നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്. അടുത്തിടെയാണ് ഈ രണ്ട് റൂട്ടുകൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് ഈ കമ്പനികൾക്ക് സൗദി പൊതു ഗതാഗത അതോറിറ്റി കൈമാറിയത്. രണ്ട് കമ്പനികളും അംഗീകൃത മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് ലൈസൻസ് അനുവദിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.
സുരക്ഷ, ഗുണനിലവാരം, പ്രവർത്തന കാര്യക്ഷമത എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിനുള്ള ഓപറേറ്റർമാരുടെ പ്രതിബദ്ധത ലൈസൻസിൽ ഉൾപ്പെടുന്നുവെന്നും അതോറിറ്റി വിശദീകരിച്ചു.
ചുവപ്പും പച്ചയും കൂടി തെളിഞ്ഞതോടെ റിയാദ് മെട്രോയിൽ പ്രവർത്തിച്ച് തുടങ്ങിയ ട്രാക്കുകളുടെ എണ്ണം അഞ്ചായി. നീല, വയലറ്റ്, മഞ്ഞ ലൈനുകൾ ഡിസംബർ ഒന്നിന് പ്രവർത്തനം ആരംഭിച്ചിരുന്നു.
ഇനി അവശേഷിക്കുന്നത് മദീന റോഡിനോട് ചേർന്നുള്ള ഓറഞ്ച് ട്രാക്കാണ്. അതിലൂടെ ജനുവരി അഞ്ചിന് ട്രെയിനുകൾ ഓടിത്തുടങ്ങും. ഇതോടെ മെട്രോ ട്രെയിൻ പദ്ധതി പൂർണമായി പ്രവൃത്തിപഥത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.