റിയാദ് മെട്രോ വർഷാവസാനത്തോടെ പ്രവർത്തനം ആരംഭിക്കും -സൗദി ഗതാഗത മന്ത്രി

റിയാദ്: ആഗോള തലത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നായ റിയാദ് മെട്രോ ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് സൗദി ഗതാഗത മന്ത്രി എൻജിനീയർ സാലിഹ് അൽ ജസർ അറിയിച്ചു. അടുത്ത വർഷം അവസാനത്തോടെ റിയാദ് മെട്രോ പൂർണതോതിൽ പ്രവർത്തന സജ്ജമാവും. സൗദിയിലെ റോഡുകളിൽ ഫീസ് ചുമത്തുന്നത് ഉടനുണ്ടാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.

എന്നാൽ റോഡുകളുടെ ഗുണനിലവാരവും അറ്റകുറ്റപ്പണിയും സമയബന്ധിതമായി പൂർത്തിയാക്കാൻ മിക്ക രാജ്യങ്ങളും റോഡ് ഫീ നടപ്പാക്കുന്നുണ്ടെന്നും അതിനാൽ സൗദിയിലും പിന്നീട് നടപ്പാക്കിയേക്കാമെന്നും മന്ത്രി പറഞ്ഞു. റൊത്താന ഖലീജിയ ചാനലിൽ 'ഇൻ ദ പിക്ചർ' എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ടെർമിനലുകളും റൺവേകളും ഉൾപ്പെടുന്ന ഒരു വലിയ വിമാനത്താവളം റിയാദിൽ നിർമാണം പുരോഗമിക്കുന്നുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ ഇത് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

സൗദിയേയും ഈജിപ്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നടപ്പാക്കാനുദ്ദേശിക്കുന്ന പ്രദേശത്ത് കടലിന്റെ ആഴം 300 മീറ്ററിൽ കൂടുതലായതിനാൽ സാങ്കേതിക വെല്ലുവിളികളുണ്ടെന്നും എന്നാൽ പദ്ധതി റദ്ദാക്കിയിട്ടില്ലെന്നും തൽക്കാലം മാറ്റിവെച്ചിരിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Riyadh Metro to start operations by end of year - Saudi Transport Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.