റിയാദ്: ബത്ഹയുടെ പ്രതാപകാലത്തിന് മങ്ങലേറ്റിട്ട് വർഷങ്ങളായി. നൂറിലേറെ രാജ്യങ്ങളിൽ നിന്നെത്തിയ പതിനായിരക്കണക്കിന് മനുഷ്യർ ദിനേനയെത്തുന്ന നഗരത്തിന്റെ ഒഴുക്ക് മന്ദഗതിയിലാകാൻ കാരണങ്ങൾ പലതാണ്. വ്യത്യസ്ത ചെറു പട്ടണങ്ങളിൽനിന്ന് ബത്ഹയിലേക്ക് എത്താനുള്ള ഗതാഗതക്കുരുക്കും തൊഴിൽ നിയമങ്ങളിലെ പരിവർത്തനങ്ങളും കൊറോണ വൈറസുമെല്ലാം ബത്ഹയുടെ ആരോഗ്യത്തെ സാരമായി പരിക്കേൽപ്പിച്ചിട്ടുണ്ട്.
ഉൾപ്രദേശങ്ങളിൽ ഹൈപ്പർമാർക്കറ്റുകളും ഹെൽത്ത് ക്ലിനിക്കുകളും മറ്റ് സർക്കാർ സേവന കേന്ദ്രങ്ങളും വ്യാപകമായതും ബത്ഹ ക്ഷയിക്കാനുള്ള പല കാരണങ്ങളാണ്. സാംസ്കാരിക വിനിമയം നടന്നിരുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ് ബത്ഹ. മലയാളികൾ ഉൾപ്പെടെ വിദേശ സമൂഹത്തിന് വൈകാരിക അടുപ്പമുള്ള പട്ടണം മികച്ച ഗതാഗത സൗകര്യവുമായി മെട്രോ വന്നതോടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ എല്ലാവരിലും നാമ്പെടുത്തിരിക്കുകയാണ്.
വാരാന്ത്യങ്ങളിൽ മാത്രമാണ് ഇപ്പോൾ ബത്ഹ തിരക്കിലമരുന്നത്. പ്രവൃത്തി ദിവസങ്ങളിൽ ആൾത്തിരക്ക് കുറഞ്ഞതിനാൽ ചെറുകിട കച്ചവടക്കാർ പലരും പ്രതിസന്ധിയിലാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ കച്ചവടം കൊണ്ട് മാത്രം വാടകയും തൊഴിലാളികളുടെ ശമ്പളവും മറ്റ് ചെലവുകളും കണ്ടെത്താനാകുന്നില്ല എന്നാണ് അവരുടെയെല്ലാം അഭിപ്രായം. എല്ലാ പ്രതിസന്ധികൾക്കും പരിഹാരമാകാനുള്ള ഒടുവിലത്തെ പ്രതീക്ഷ മെട്രോ സ്റ്റേഷനുകളാണെന്ന് വ്യാപാരികൾ പറയുന്നു.
ബത്ഹയോട് ചേർന്നുള്ള ‘മ്യൂസിയം സ്റ്റേഷൻ’ റിയാദ് മെട്രോയുടെ നാല് പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്. ബത്ഹ ബ്രിഡ്ജിനോടു ചേർന്ന് ഗസാൻ സ്ട്രീറ്റിലെ ‘അൽ ബത്ഹ’ സ്റ്റേഷനും നഗര ഹൃദയത്തിലാണ്. ഇതിനു പുറമെ ദീരയിലെ മറ്റൊരു പ്രധാന സ്റ്റേഷനും ബത്ഹക്ക് എളുപ്പത്തിൽ പ്രാപ്യമായ ഇടമാണ്. മെട്രോയിൽ വരുന്നവർക്ക് ഈ മൂന്ന് സ്റ്റേഷനുകളും ബത്ഹയിലേക്ക് വഴി തുറക്കും.
സഹാഫയിൽനിന്ന് റിയാദ് നഗരത്തിന് കുറുകെ ദാറുൽ ബൈദയിലേക്കുള്ള ഏറ്റവും നീളം കൂടിയ പാതയായ ബ്ലൂ ലൈനിലാണ് ഈ മൂന്ന് സ്റ്റേഷനുകളുമുള്ളത്. അടിയിൽ കൂടി ട്രെയിനുകൾ പോകുന്നുണ്ടെങ്കിലും നിലവിൽ ഇത് മൂന്നും തുറന്നിട്ടില്ല. വൈകാതെ പണി പൂർത്തിയായി മൂന്നും യാത്രക്കാർക്കായി വാതിൽ തുറക്കുന്നതോടെ ബത്ഹയിലേക്ക് ആളുകൾക്ക് മെട്രോയിൽ എളുപ്പത്തിൽ എത്താനാവും. ഇതിന് പുറമെ ഇതേ പരിധിക്കുള്ളിൽ തന്നെ മ്യൂസിയം വളപ്പിനുള്ളിൽ സുലൈമാനിയയിൽനിന്ന് വരുന്ന ഗ്രീൻ ലൈനിലെ ഒരു സ്റ്റേഷൻ കൂടിയുണ്ട്. ഡിസംബർ 15ന് ഇതും തുറക്കും. ബത്ഹയിലെത്താനുള്ള നാലാമതൊരു മാർഗമാവും ഇത്.
കൂടാതെ ഈ നാല് സ്റ്റേഷനുകളിൽനിന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവിസുകളുമുണ്ട്. വിവിധ ആവശ്യങ്ങൾക്ക് ബത്ഹയിലേക്ക് വരുന്നവർക്ക് ഇനി വഴിമുട്ടില്ല എന്നർഥം. എയർപോർട്ട് യാത്രയും മെട്രോ വന്നതോടെ എളുപ്പമായി. വെറും നാല് റിയാൽ ചെലവിൽ മെട്രോ വഴി എയർപോർട്ടിലെത്താനാവും. റിയാദിന്റെ പല ഭാഗങ്ങളിലുള്ളവർക്ക് ഇതിനും ബത്ഹയെ തന്നെ ആശ്രയിക്കേണ്ടി വരും. ഇവിടെ നിന്ന് ബ്ലൂ ട്രെയിനിൽ കയറി 20 മിനിറ്റ് കൊണ്ട് കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ പ്രധാന സ്റ്റേഷനിലെത്താം. അവിടെ നിന്ന് യെല്ലോ ട്രെയിനിൽ 23 മിനിറ്റ് കൊണ്ട് എയർപോർട്ടിലുമെത്താം. രണ്ട് യാത്രക്കും ഒറ്റ ടിക്കറ്റ് മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.