റിയാദ്: ഹുസൈൻ അൽ അമർ എന്ന ഒമ്പത് വയസ്സുകാരൻ റിയാദ് പൊലീസിെൻറ അരുമയാണിന്ന്. അതിനപ്പുറം ഹീറോയാണ്, അഭിമാനമാണ്... കഴിഞ്ഞ ഒരുദിനം അമർ റിയാദ് പൊലീസിലെ അമരക്കാരനായി. യുണിഫോമണിഞ്ഞ് പൊലിസ് വാഹനത്തിൽ അന്തസ്സോടെ കയറിയിരുന്ന് അവൻ നഗരം ചുറ്റി. ഉയർന്ന ഉദ്യോഗസ്ഥർ അവന് സെല്യൂട്ട് നൽകി. അവെൻറ സാമീപ്യം സേനയുടെ മനം നിറച്ചു. യൂണിഫോമിനുള്ളിലെ പൊലീസ് മനുഷ്യപ്പറ്റിെൻറയും സ്നേഹ വാൽസല്യങ്ങളുടെയും കൂടി കാവലാളാണെന്ന് റിയാദ് പൊലിസ് തെളിയിച്ച ദിനമായിരുന്നു അത്.
എന്തിനാണവർ ഹുസൈൻ അമറിന് ‘പൊലീസ്’ ആവാൻ അവസരം നൽകിയത് എന്നല്ലേ...? മൂന്ന് വർഷമായി രക്താർബുദത്തെ തുടർന്ന് ദീനക്കിടക്കയിലാണ് അമർ. അൽഅഹ്സയിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലായിരുന്നു ചികിൽസ. സഹോദരിയുടെ മജ്ജ അമറിന് മാറ്റിവെച്ചു. അവൻ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിെൻറ സന്തോഷത്തിലായിരുന്നു കുടുംബം. അതിനിടയിലാണ് പൊലിസിെൻറ ‘സസ്പെൻസ് ഒാപറേഷൻ’ തുടങ്ങിയത്. ഒരു ട്രാഫിക് പൊലീസുകാരൻ തുടർച്ചയായി അമറിനെ സന്ദർശിക്കാൻ വന്നു എന്ന് അമറിെൻറ ഉമ്മ പറഞ്ഞു.
രോഗവിവരങ്ങൾ അന്വേഷിച്ച പൊലീസ് അമറിെൻറ ജീവിതത്തിലെ ആഗ്രഹം ചോദിച്ചറിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരാൾ വന്ന് അമറിെൻറ വസ്ത്രത്തിനുള്ള അളവെടുത്തുപോയി. അതിനു പിന്നാലെ പൊലീസിെൻറ ഫുൾ സെറ്റ് യൂണിഫോം അമറിനെ തേടിയെത്തി. ഭാവിയിൽ പൊലീസ് ഒാഫീസറാവണമെന്ന അവെൻറ ആഗ്രഹമാണ് ഇൗ സമ്മാനം അമറിനെത്തിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. ഇത് ലഭിച്ചതോടെ അമറിന് അവശത പമ്പ കടന്ന പ്രതീതി. കുഞ്ഞുമുഖത്ത് അഭിമാനപ്പുഞ്ചിരി. യൂണിഫോമണിഞ്ഞ് ആശുപത്രി വരാന്തയിലൂടെ ഉലാത്തുന്ന അമർ എല്ലാവർക്കും സന്തോഷക്കാഴ്ചയായി. ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും കുഞ്ഞുപൊലീസ് ഒാഫീസർക്ക് ചൂറ്റും കൂടി. എന്നാൽ റിയാദ് പൊലീസ് അവരുടെ ‘ദൗത്യം’ അവിടെയുമവസാനിപ്പിച്ചില്ല. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട അമറിനെ അവർ യൂണിഫോമിൽ സ്റ്റേഷനിൽ കൊണ്ടു വന്ന് ആദരിച്ചു. പൊലീസ് കാറിൽ ഒാഫീസറുടെ സീറ്റിലിരുന്ന് അവൻ നഗരം ചുറ്റി. ‘ആക്ഷൻ ഹീറോ അമർ’.
അമറിെൻറ ആഹ്ലാദത്തെ വെല്ലുന്ന സന്തോഷമായിരുന്നു പൊലീസിന്. അവനെപോലൊരു കുട്ടിയുടെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞ ഞങ്ങളുടെ സന്തോഷം വലുതാണ്. അവൻ ഭാവിയിൽ പോലീസ് ഒാഫിസറാവാനുള്ള ആഗ്രഹത്തിന് ഇൗ അനുഭവം കരുത്താവുമെന്ന് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. അവന് രോഗം പൂർണമായി ഭേദമാവുമെന്നും ഭാവിയിൽ പൊലീസ് സേനയിൽ ചേർന്ന് മാതൃഭൂമിയെ സേവിക്കാൻ അവന് സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അമറിെൻറ ഉമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.