റിയാദ്: സൗദി അറേബ്യയിലെ പ്രാചീന ചന്തയായ ദീര സൂഖും റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞൊരുങ്ങി. 'സൂഖ് അൽ സൽ' എന്ന പേരിലാണ് റിയാദ് സീസൺ ദീരയെ പുതിയ വേദിയാക്കിയത്. പുരാതന അറേബ്യയുടെയും ആധുനിക അറേബ്യയുടെയും വാണിജ്യ സംസ്കാരങ്ങളുടെ സംഗമ കേന്ദ്രമാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ദീര സൂഖ്. രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികളെ പുരാതന അറേബ്യയുടെ ജീവിതരീതികളും അക്കാലത്തെ സർഗാത്മക നിർമാണങ്ങളും കലയും പരിചയപ്പെടുത്തലാണ് സൂഖിെൻറ പ്രധാന ലക്ഷ്യം.
സൗദി അറേബ്യയുടെ തനത് സംസ്കാരങ്ങൾ അറിയാൻ ആദ്യം സഞ്ചാരികൾ എത്തുന്നത് ദീരയിലാണ്. ഏറ്റവും മികച്ച ഊദ്, ബുഖൂർ (വീടുകളിൽ പുകക്കുന്ന സുഗന്ധ വസ്തു), വിവിധ തരം പരവതാനികൾ, മോതിരങ്ങൾ, വിലകൂടിയ മോതിരക്കല്ലുകൾ, അറബ് വസ്ത്രങ്ങളായ ബിഷ്ത്, ഇഗാൽ, ദോബ്, അബായ, നിഖാബ് തുടങ്ങി എല്ലാ തുണിത്തരങ്ങളുടെയും യഥാർഥ ഉൽപന്നങ്ങൾ ലഭ്യമാകുന്ന രാജ്യത്തെ ഏറ്റവും സവിശേഷമായ മാർക്കറ്റുകളിൽ ഒന്നാണ് ദീര.
കല്യാണം, പെരുന്നാൾ ഉൾപ്പടെയുള്ള വിശേഷ ദിവസങ്ങളിൽ വധൂവരന്മാർ ധരിക്കുന്ന വസ്ത്രങ്ങൾ വാങ്ങുന്നതിന് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യക്കാർ ഇപ്പോഴും ദീരയിലെത്തുന്നുണ്ട്‍. സൗദിയുടെ പരമ്പരാഗത നൃത്തകലയായ 'അർദ'ക്ക് ആവശ്യമായ അലങ്കാര ആയുധങ്ങൾ, വസ്ത്രങ്ങൾ, ദഫ് എല്ലാം ലഭിക്കുന്നിടം കൂടിയാണ് ഇവിടം.
1901 സ്ഥാപിതമായ ചന്ത ഒരു വാണിജ്യ കേന്ദ്രം എന്നതിലപ്പുറം സാമൂഹിക ഒത്തുചേരലിെൻറ അങ്ങാടി കൂടിയാണ്. ലാഭ നഷ്‌ടങ്ങളുടെ കണക്കെടുപ്പില്ലാതെ സ്ഥാപനങ്ങൾ നടത്തിവരുന്ന നിരവധി വ്യവസായി കാരണവന്മാരുണ്ട് ഇവിടെ. അര നൂറ്റാണ്ടിലേറെയായി കൃത്യമായി സമയത്ത് കട തുറന്ന് പ്രവർത്തിക്കുകയും കച്ചവടത്തിെൻറ ദൈനംദിന കാര്യങ്ങളിൽ സജീവമായി ഇടപെടുന്നവരുമാണ് ഇവരെല്ലാം. നഷ്‌ടത്തിൽ മുന്നോട്ട് പോകുന്ന ചില സ്ഥാപനങ്ങൾ മുടക്കാതെ തുറക്കുന്നത് പഴയകാല സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടാനുള്ള കേന്ദ്രമായി കണ്ടാണെന്ന് ചിലർ പ്രതികരിച്ചു.
മാർക്കറ്റിനുള്ളിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകീട്ട് പുരാതന വസ്തുക്കളുടെ ലേലമുണ്ടാകും. ഇവിടെ നടക്കുന്ന വാശിയേറിയ ലേലത്തിൽ പങ്കെടുക്കലും വിനോദമാണ് അറബികൾക്ക്. സന്ദർശകരെ ആകർഷിക്കുന്നതിന് ഊദ് വായന, അർദ നൃത്തം ഉൾപ്പടെ അറബ് കലാകാരന്മാരുടെ നിരവധി കാലാപരിപാടികൾ വൈകീട്ട് സൂഖിൽ അരങ്ങേറുന്നുണ്ട്. വിവിധ വിഷയങ്ങളിൽ കൃത്യമായ അറിവ് പകർന്ന് തരുന്നതിന് ഭാഷകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരെ റിയാദ് സീസൺ വിന്യസിച്ചിട്ടുണ്ട്. മസ്മക് കോട്ടയോട് ചേർന്നുള്ള അൽ സൽ സൂഖ് മേള നഗരിയിലേക്ക് പ്രവേശനം പൂർണമായും സൗജന്യമാണ്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 10 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.