റിയാദ്: ഉത്സവത്തിലാറാടി റിയാദ് സീസൺ തുടരുന്നു. ഇതുവരെ പരിപാടികൾ ആസ്വദിക്കാനെത്തിയവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. സീസൺ തുടങ്ങി ഒരാഴ്ചക്കിടയിലാണ് ഇത്രയും സന്ദർശകരെത്തിയതെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പറഞ്ഞു. 'സങ്കൽപത്തിനും അപ്പുറം' എന്ന തലക്കെട്ടിൽ ആരംഭിച്ച സീസൺ പരിപാടികൾ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി സന്ദർശകരെയാണ് ആകർഷിച്ചത്.
സീസണിലെ മിന്നുന്ന ഷോകളും ആവേശം നിറച്ച വൈവിധ്യമാർന്ന വിനോദ പരിപാടികളും അവർ ആസ്വദിച്ചു. പല രാജ്യങ്ങളുടെയും ജീവിത അന്തരീക്ഷം ഒരിടത്ത് ഒരു സമയത്ത് അനുഭവിക്കാൻ സാധിച്ചു എന്നതാണ് ആസ്വാദകർക്ക് ലഭിച്ച സൗകര്യം. ഗെയിമുകൾ, റസ്റ്റോറൻറുകൾ, കഫേകൾ, പാർട്ടികൾ, നാടകങ്ങൾ, വിനോദത്തിന്റെ വിവിധ മേഖലകളിലെ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങൾ എന്നിവ സീസണിലെ വിനോദ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സസ്‍പെൻസിന്റെയും ആധുനികതയുടെയും സവിശേഷമായ ചേരുവ പ്രദാനം ചെയ്യുന്നുവെന്നതാണ് റിയാദ് സീസണിന്റെ സവിശേഷത. വിനോദ മേഖല വ്യവസായത്തിന്റെ നിലവാരം ഉയർത്തുന്നതിനും ഏറ്റവും പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായി രാജ്യത്തിന്റെ സ്ഥാനം മാറ്റുന്നതിനും ഇതെല്ലാം സഹായിച്ചതായും പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.