റിയാദ്: തങ്ങളിൽനിന്ന് വേർപെട്ടുപോയ സുഹൃത്തിന്റെ ഖബറിടത്തിൽ നാലാമാണ്ടിലും ഒത്തുകൂടി റിയാദ് ടാക്കീസ് പ്രവർത്തകർ. റിയാദിലെ കുഡു ഫാസ്റ്റ് ഫുഡ് കമ്പനിയിൽ ജീവനക്കാരനായിരിക്കെ 38ാം വയസ്സിൽ ഹൃദയാഘാതം മൂലം നാല് വർഷം മുമ്പ് മരിച്ച കായംകുളം സ്വദേശി ഇഞ്ചക്കൽ മിറാഷ് മൻസൂറിന്റെ റിയാദിലെ ഖബറിടത്തിലാണ് പ്രാർഥനയുമായി കൂട്ടുകാരെല്ലാം ഒത്തുകൂടിയത്. റിയാദിലെ കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്നു മിറാഷ്.
കോവിഡ് മഹാമാരിയിലെ 24 മണിക്കൂർ ലോക്ഡൗണിൽ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി വന്നപ്പോൾ ജോലിയുടെ ഭാഗമായി കിട്ടിയ പാസ് ഉപയോഗിച്ച് പുറത്തിറങ്ങി ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണ സാധനങ്ങളും അസുഖബാധിതർക്ക് മരുന്നെത്തിക്കാനും മാസങ്ങളോളം രാപ്പകൽ വ്യത്യാസമില്ലാതെ സഹായമെത്തിക്കാൻ മുന്നിലുണ്ടായിരുന്ന ഒരാളായിരുന്നു മിറാഷ്.
മരുന്നും ഭക്ഷണവുമൊക്കെ ഒരിക്കലെത്തിച്ചാൽ കൃത്യമായ ഇടവേളകളിൽ വീണ്ടും ക്ഷേമം അന്വേഷിച്ച് അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുന്നതിൽ മിറാഷ് കാട്ടിയ ജാഗ്രത ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിെൻറ സൗഹൃദവലയങ്ങൾ ഏറെ വലുതായിരുന്നു റിയാദിൽ. ആ വിയോഗത്തിന് നാലു വർഷം പൂർത്തിയാകുന്ന കഴിഞ്ഞ ദിവസം വൈകീട്ട് 4.30ഓടെ റിയാദ് ടാക്കീസ് പ്രവർത്തകരും നാട്ടുകാരും റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലെ 104ാം നിരയിൽ 19ാമതനായി അന്ത്യവിശ്രമം കൊള്ളുന്ന മിറാഷിന്റെ അടുത്തെത്തുകയായിരുന്നു. ഏറനേരം അവിടെ ചെലവഴിച്ച് പ്രാർഥനകൾ നടത്തിയാണ് പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.