റിയാദ്: മൂന്നു മാസം മുമ്പ് കണ്ടെയ്നർ കത്തി മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമക്കുരുക്കിൽപെട്ടതു കാരണം ഇനിയും നാട്ടിലെത്തിക്കാനായില്ല. റിയാദ് പ്രവിശ്യയിൽ ദിലം മേഖലയിലെ ദുബയ്യയിൽ കൃഷിജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി ഫർഹാൻ അലി (32), ബിഹാർ സ്വദേശികളായ സണ്ണി കുമാർ (26), അൻസാരി മുംതാസ് (30) എന്നിവരാണ് അവർ താമസിച്ചിരുന്ന പോർട്ടബിൾ കണ്ടെയ്നറിന് തീപിടിച്ച് വെന്തുമരിച്ചത്.
രാത്രിയിലുണ്ടായ തീപിടിത്തമായതിനാൽ ഉറക്കത്തിലായിരുന്ന തൊഴിലാളികൾക്ക് രക്ഷപ്പെടാനായില്ല. തിരിച്ചറിയാനാവാത്തവിധം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹങ്ങൾ ദിലം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം തുടങ്ങിയതോടെ സ്പോൺസർ സഹകരിക്കാൻ തയാറായില്ല.
മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായുള്ള സാമ്പത്തിക ചെലവ് വഹിക്കാനാകില്ലെന്ന നിലപാടിൽ സ്പോൺസർ ഉറച്ചുനിന്നതോടെ ഇന്ത്യൻ എംബസി അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
ആദ്യം ദിലം കോടതി കൈകാര്യം ചെയ്ത് കേസ് പിന്നീട് റിയാദിലെ ദീര കോടതിയിലേക്ക് മാറ്റി. കോടതി വിധിക്കായി കാത്തുനിൽക്കുകയാണ് ഇന്ത്യൻ എംബസിയും മരിച്ചവരുടെ കുടുംബവും. കേളി കലാസാസ്കാരിക വേദി അൽഖർജ് ജീവകാരുണ്യ വിഭാഗമാണ് മൂന്ന് മാസത്തോളമായി ഈ കേസ് കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.