റിയാദ്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫാഷിസ്റ്റ് നയങ്ങൾക്കും വിലക്കയറ്റം അഴിമതി, ധൂർത്ത് ക്രമസമാധാന തകർച്ച എന്നിവക്കുമെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേർന്ന് 14 ജില്ലകളിലൂടെ നയിക്കുന്ന ‘സമരാഗ്നി’ എന്ന ജനകീയ പ്രക്ഷോഭ യാത്രക്ക് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം നടത്തി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറും പ്രോഗ്രാം കൺവീനറുമായ ഷുക്കൂർ ആലുവ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു.
നാസർ ലെയ്സ് ആമുഖ പ്രസംഗം നടത്തി. രാജ്യത്തിന്റെ പൊതുമേഖല സ്ഥാപനങ്ങൾ ഓരോന്നായി വിറ്റുതുലച്ച്, സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിട്ടും ലക്ഷക്കണക്കിനു യുവാക്കളെ തൊഴിൽരഹിതരാക്കി അന്യരാജ്യങ്ങളിലേക്ക് തള്ളിവിട്ടും രാജ്യത്തെ പൊതുജീവിതത്തെ താറുമാറാക്കിയിരിക്കുകയാണ് ബി.െജ.പി സർക്കാരെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച് വെള്ളക്കാർ രാജ്യസമ്പത്ത് എങ്ങനെയാണോ കൊള്ളയടിച്ച് സ്വന്തം രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോയത്, അതുപോലെയാണ് മോദി സർക്കാർ 10 വർഷം കൊണ്ട് രാജ്യത്തെ മൊത്തമായി അദാനി അംബാനിമാർക്കായി വിറ്റുതുലച്ചത്. മതത്തിന്റെ പേരിൽ രാജ്യത്തെ സാഹോദര്യത്തെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. മോദി സർക്കാരിനെ അതേപടി അനുകരിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്ത് ജനങ്ങളെ സാമ്പത്തിക, ക്രമസമാധാന തകർച്ചയിലൂടെ മരണക്കെണിയിലേക്ക് എത്തിച്ചിരിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്താക്കി മാറ്റാൻ നമുക്ക് ഓരോരുത്തർക്കും കഴിയണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
ചടങ്ങിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട്, ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ റസാഖ് പൂക്കോട്ട് പാടം, റഷീദ് കൊളത്തറ, നാഷനൽ കമ്മിറ്റി അംഗം സലീം അർത്തിയിൽ, ജില്ലാ പ്രസിഡൻറുമാരായ സിദ്ധീഖ് കല്ലുപറമ്പൻ, ബഷീർ കോട്ടയം എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ.കെ തോമസ് സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.